02 August 2013

കാര്‍ഷികം - തനിമലയാളം -4


കര്‍ഷന്റെ ദിനചര്യ

40-50 വര്‍ഷം മുന്പ് ബഹുഭൂരിപക്ഷവും കാര്‍ഷികവൃത്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരായിരുന്നു. മറ്റു ജോലികള്‍ - അദ്ധ്യാപകന്‍, കച്ചവടം, പട്ടാളം, ഓഫീസ് ക്ളാര്‍ക്ക് - ഓഫീസര്‍ … ഒക്കെ ആയിരുന്നെങ്കിലും പ്രാഥമികമായി ഇവരെല്ലാം കൃഷിക്കാരായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും കര്‍ഷകവൃത്തിയില്‍ ബന്ധപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ ദിനചര്യ കര്‍ഷക സംസ്കൃതിയുമായി ഇഴചേര്‍ന്നിരുന്നു എന്നു പറയാം. [ ഇന്നത്തെ നമ്മുടെ ദിനചര്യയുമായി തട്ടിച്ചു നോക്കുന്നത് രസകരമായിരിക്കും ]
രാവിലെ 5 മണിക്കു എഴുന്നേൽക്കും.5 മണിക്കു... അലാറം ഒന്നും ഇല്ല.5 മണിക്കു കോഴിക്കൂട്ടിൽ കോഴി കൂവും. അതുതന്നെ അലാറം.ഭാര്യയും അപ്പോഴേക്കും എഴുന്നേറ്റിരിക്കും.
എഴുന്നേറ്റ ഉടനെ മുഖംകഴുകും.പല്ലുതേക്കും.പുറത്തെ അടുപ്പിൽ തീപൂട്ടും.തൊഴുത്തിലെ കന്നുകാലികൾ അപ്പോഴേക്കും ഉണർന്നിരിക്കും.കന്നുകാലികൾക്കുള്ള കഞ്ഞി അടുപ്പത്തു വെക്കും.
വിറകു തലേന്നാൾ തന്നെ ഭാര്യ തയ്യാറാക്കിയതു ഉണ്ടാവും.അടുപ്പിന്നു മുകളിലാണു വിറകു തയ്യാറാക്കി വെക്കുക. അതുകൊണ്ട് വേഗം തീപ്പിടിക്കും.കിണറിൽനിന്നു അപ്പോൾ കോരിയെടുത്ത വെള്ളം, തവിട്,പിണ്ണാക്ക്
(കടലപ്പിണ്ണാക്ക് അല്ലങ്കിൽ തേങ്ങാപ്പിണ്ണാക്ക്) ഇതൊക്കെയാണു കന്നുകാലികൾക്കുള്ള വിഭവങ്ങൾ.തേങ്ങാപ്പിണ്ണാക്കു വീട്ടിലുണ്ടാകും. ഇടക്കു തേങ്ങയാട്ടി എണ്ണ എടുക്കുമ്പോൾ അതിന്റെ പിണ്ണാക്കു സൂക്ഷിക്കും.അതില്ലെങ്കിൽ കടലപ്പിണ്ണാക്കു കടയിൽ നിന്നു വാങ്ങും.ചിലപ്പോൾ പരുത്തിക്കുരു ഉണ്ടാവും.പരുത്തിക്കുരു കടയിൽ നിന്നു വാങ്ങണം.അതു വെള്ളത്തിലിട്ടു കുതർത്തി ആട്ടുകല്ലിൽ ആട്ടിയെടുക്കും. നന്നായി ചതച്ചെടുക്കാനാണു ഇതു ആട്ടുന്നതു.ആട്ടിയെടുക്കാൻ കുറേനേരം പണിയെടുക്കണം.പക്ഷെ, നല്ല പോഷകാഹാരം ആണു ഇതു. കറവയുള്ള പശുക്കൾക്കു പരുത്തിക്കുരു കൊടുക്കണം.എന്നാലേ നന്നായി പാലുകിട്ടൂ. പാടത്തു ഉഴാനുള്ള കന്നുകൾക്കു പിണ്ണാക്കു വേണം.എന്നാലേ തളർച്ചയില്ലതെ പൂട്ടാൻ (ഉഴാൻ) പറ്റൂ.
കഞ്ഞി നന്നായി തിളച്ചു വെന്തു കഴിഞ്ഞാൽ അതുമായി തൊഴുത്തിലെത്തും.ഓരോ കന്നുകാലിക്കും വെവ്വേറേ കൊടുക്കും. ഒന്നോ രണ്ടോ പാത്രങ്ങൾ ഇതിന്നുണ്ടാവും.പോത്തുകൾക്കും, പശുക്കൾക്കും, കന്നുകുട്ടികൾക്കും ഒക്കെ പ്രത്യേകം പ്രത്യേകം കൊടുക്കും.ചിലതു ഉപ്പു ചേർക്കാതെ തന്നെ നന്നായി കുടിക്കും.ചിലതു ആദ്യം കുറേ കുടിച്ചുകഴിഞ്ഞാൽ തലയാട്ടും. അപ്പോൾ ഉപ്പു ചേർത്തു ഇളക്കിക്കൊടുക്കും.വീണ്ടും കുടിക്കും.പിണ്ണാക്കു കൈകൊണ്ട് വാരിക്കൊടുക്കും. പശുക്കുട്ടികൾ കൈനക്കും.കഞ്ഞികുടിക്കുമ്പോൾ ഓരോ കന്നുകാലിയേയും നെറുകയിൽ വാത്സല്യപൂർവ്വം തലോടും.ഒരു ചെറിയ റാന്തൽ വെളിച്ചം തൊഴുത്തിലുണ്ടാവും.എല്ലാരും നന്നായി കുടിച്ചാൽ സമാധാനമായി.കുടിച്ചില്ലെങ്കിൽ എന്തോ അസുഖമ്മുണ്ടെന്നാ വിചാരിക്കുക.
കഞ്ഞികൊടുത്തുകഴിഞ്ഞാൽ പിന്നെ എല്ലാർക്കും വൈക്കോൽ നൽകും.പച്ചപ്പുല്ലു രാത്രിക്കേ കിട്ടൂ. പകൽ നടന്നു മേയാം. സന്ധ്യയാകുമ്പോഴേക്കേ അരിഞ്ഞുകൊണ്ടുവരൂ. അതു രാത്രിക്കു സുഖം.
അപ്പോഴേക്കും ഭാര്യ ഒരു ഗ്ലാസ് (ക്ലാസ്) കട്ടൻ കാപ്പി തയ്യാറാക്കിയിരിക്കും. അതും കുടിച്ചു നേരേ പാടത്തിറങ്ങും. സമയം 6.മണി
പാടത്തേക്കു കുറച്ചേ ദൂരം ഉള്ളൂ.ഒരുനാലഞ്ച് വരമ്പ് .പാടത്തു എന്നും കൃഷികൾ ഉണ്ട്.ഒന്നുകിൽ മുണ്ടകൻ,അല്ലെങ്കിൽ വിരിപ്പ്, പുഞ്ച,കായ്കറി,ഞാറ്..എന്തെകിലും എന്നും കാണും.ചിലപ്പോൾ ഒന്നും ഇല്ലെങ്കിൽ വേനലിൽ പൂട്ടിയിടും. കട്ട ഉടയാൻ.
പാടത്തിറങ്ങിയാൽ തന്റെ വിളകൾ നന്നായി പരിശോധിക്കും.വളരെ സ്നേഹപൂർവം ഓരോ വരമ്പിലും നടന്നു നോക്കും. ഇരുന്നു നോക്കും. എന്തെകിലും കേടുകൾ ഉണ്ടോ എന്നു സൂക്ഷമായി നോക്കും. വരമ്പിൽ മടവീണിട്ടുണ്ടോ..പോടുകൾ വീണിട്ടുണ്ടോ..വെള്ളം അധികം ഉണ്ടോ..വെള്ളം കുറവാണോ...ചാഴി തുടങ്ങിയ കീടങ്ങൾ ഉണ്ടോ...ഓരോ ചെടിയേയും നോക്കും..തൊടും...താലോലിക്കും..വെള്ളം ഇലെങ്കിൽ ഉണ്ടാക്കാൻ വഴിനോക്കും..അധികമാണെങ്കിൽ തുറന്നു വിടും..ഇതിനിടക്കു കൾ അയൽ കൃഷിക്കാരുമായി,വഴിയാത്രക്കാരുമായി സംസാരിക്കും...അഭിപ്രായം പറയും...നിർദ്ദേശങ്ങൾ കൊടുക്കും...നിർദ്ദേശങ്ങൾ സ്വീകരിക്കും..പ്രശ്നങ്ങൾ (കൃഷിയുമായും വീടുമായും നാടുമായും ബന്ധപ്പെട്ടവയൊക്കെ..) ചിലപ്പോൾ വഴക്കടിക്കേണ്ടിവരും..തത്വോപദേശങ്ങൾപറയും...കേൾക്കും...ഉണ്ടാക്കും..ധർമ്മാധർമ്മങ്ങൾ ചർച്ചചെയ്യും..പൊതുകാര്യങ്ങൾ വിശകലനം ചെയ്യും..കൃഷിയിലും വിളവിലും ഈശ്വരനിലും വിശ്വാസമർപ്പിക്കും...ശുഭപ്രതീക്ഷകളോടെ വീട്ടിലേക്കു മടങ്ങും.
അപ്പോഴേക്കും ഭാര്യ/മുതിർന്ന പെണ്മക്കൾ/പണിക്കാർ ആരെങ്കിലും (ഇതിനു സ്ഥിരം ചുമതലക്കാരുണ്ട്) പശുക്കളെ കറക്കും.പശുക്കുട്ടിക്കു നന്നായി കുടിക്കാൻ കൊടുത്തു ബാക്കിയേ കറന്നെടുക്കൂ.കറന്ന പാലു വലിയ തമലകളിൽ നിറച്ചുവെക്കും.വിൽ‌പ്പനയും,കാച്ചി വെണ്ണയെടുക്കലും ഒക്കെ സ്ത്രീകളുടെ ചുമതല ആണു.ഇതിന്റെ സാമ്പത്തികവരുമാനവും സ്ത്രീകളിലാണു.(‘പാത്തുമ്മയുടെ ആട്’ ‘വായിക്കുക)
വീട്ടിലെത്തിയാൽ (മൂപ്പർ എത്തുന്നതറിഞ്ഞു തൊഴുത്തിൽ നിന്നു കാലികൾ അമറിത്തുടങ്ങും)വളപ്പിൽ ഒന്നു ചുറ്റിനടക്കും.വളപ്പിലെ ഫലവൃക്ഷങ്ങൾ ചെടികൾ,കായ്കറി എന്നിവയൊക്കെ നോക്കും. കേടുകൾ കണ്ടുപിടിക്കും..ചാഞ്ഞും ചെരിഞ്ഞും കിടക്കുന്നവ നേരേയാക്കും..തേങ്ങ...മാങ്ങ എന്നിവ വീണുകിടക്കുന്നതു ശേഖരിക്കും..ചക്ക മൂത്തുവോ..പഴുത്തുവോ...എന്നൊക്കെ നോക്കും...കിണറിൽ നിന്നു വെള്ളം കോരി കൈകാലുകൾ കഴുകി നേരേ പൂമുഖത്തു കയറും. സമയം 8 മണി.
പ്രാതൽ തയ്യാറായിട്ടുണ്ടാവും.
പ്രാതൽ സാധാരണ തലേന്നാളത്തെ ചോറു ബാക്കി വന്നതു വെള്ളത്തിലിട്ടുവെച്ചതാകും.‘വെള്ളച്ചോറു’ എന്നാണു പറയുക. ഇതിനു ഉപദംശമായി മുളകുചമ്മന്തി,ഉപ്പ് എന്നിവയാകും. ചിലപ്പോൾ തൈർ ഉണ്ടാകും.പച്ചമുളകും ഉപ്പും ആണു സ്വാഭാവിക ഭക്ഷണം.വളരെ അപൂർവ്വം അവസരങ്ങളിൽ ദോശ,ഇഡ്ഡലി,പുട്ട് എന്നിവകാണും.അതൊക്കെ അത്രക്കു വേണ്ടപ്പെട്ടവർ വിരുന്നു വരുന്നുവെന്നറിഞ്ഞാലേ തയ്യാറാക്കു.വീട്ടുകാർക്കും കുട്ടികൾക്കും ചിലപ്പോൾ കഞ്ഞി ഉണ്ടാവും.കഞ്ഞിയും ചമ്മന്തിയും.കഞ്ഞിയുടെ കൂടെ പപ്പടം ചുട്ടതു(പപ്പടം കാച്ചുന്നതു സദ്യകൾക്കേ ഉള്ളൂ. ) എന്നിവ ചിലപ്പോൾ കാണും. ചൂടുകഞ്ഞിയും ഉരുക്കിയ നെയ്യും ചേർത്തുള്ള ഭക്ഷണം മുതിർന്ന കുട്ടികൾക്കു (സ്കൂളിൽ പോകുന്നവർക്കു ) ചില വീടുകളിൽ ഉണ്ടാവും.എന്തൊക്കെ വിഭവങ്ങൾ ഉണ്ടെങ്കിലും വെള്ളച്ചോറോ കഞ്ഞിയോ കുടിച്ചലേ പണിയെടുക്കാൻ സുഖം ഉണ്ടാവൂ എന്നാ‍ണു പറയുക.

പ്രാതൽ കഴിഞ്ഞാൽ നേരെ തൊഴുതിൽ ചെന്നു കാലികളെ മേയാൻ വിടും.പുല്ലുമേയാൻ ധാരാളം ഉണ്ടാവും. പറമ്പുകളിലാണു വിടുക. പാടത്തു പല വിളകളും ഉണ്ടാവും.പറമ്പുകൾ വേലികെട്ടിത്തിരിക്കയൊന്നും പതിവില്ല.ധാരാളം പുല്ലും ചെടികളുംഉണ്ടാവും.യഥേഷ്ടംമേഞ്ഞുനടക്കാം.ഇടക്കുചെന്നൊന്നുനോക്കും.കന്നുകാലികളെ മേക്കാൻ ചെറിയകുട്ടികൾ ഉണ്ടവും.
പാടത്തു പണിയുള്ള ദിവസങ്ങളിൽ നേരെ പാടത്തുപോകും.അപ്പോൾ പണിക്കാർ കന്നുകളെ വിട്ടു പണിയായുധങ്ങളുമായി പാടത്തു എത്തിയിരിക്കും.പാടത്തുചെന്നാൽ നേരെ പണികളിൽ കൂടും.കന്നുപൂട്ടൽ,വരമ്പുകിളക്കൽ,ഞാറുപറിക്കൽ,നടീൽ,എന്നുവേണ്ടാ എന്താ പണിയെന്നുനോക്കി അതിൽ ചേരും.നിർദ്ദേശങ്ങൾ കൊടുക്കും.
പണിയില്ലാത്ത ദിവസങ്ങളിൽ വിവാഹം, പിറന്നാൾ മറ്റു അടിയന്തിരങ്ങൾ എന്നിവയിൽ പങ്കെടുക്കും.അങ്ങനെയുള്ള ദിവസങ്ങളിൽ കന്നുകാലികളെ മേയാൻ വിട്ടാക്കിയാൽ സുഖമായി കുളിക്കും. നല്ല വസ്ത്രവുമുടുത്ത് കുട ,വടി മുതലായ ആർഭാടങ്ങളോടെ വിശേഷങ്ങളിൽ പങ്കെടുക്കും.അത്യാവശ്യഘട്ടങ്ങളിൽ (ക്ഷണത്തിന്റെ മികവനുസരിച്ചു) ഭാര്യയേയും കൂടെ കൂട്ടും.പെന്മക്കളെ കുടുമ്പങ്ങളിലേക്കേ കൊണ്ടുപോകൂ.അന്യ വീടുകളിലേക്കു കൊണ്ടു പോകില്ല.
കന്നുകളെ മേയാൻ വിട്ടാൽ തിരിച്ചു വന്നു വളപ്പിലെ കാര്യങ്ങൾ നോക്കും.കായ്ക്കറികൾ,തെങ്ങ്,കവുങ്ങ്,കുരുമുളകു,വെറ്റില,പ്ലാവ്,മാവ്,പുളി,മുരിങ്ങ തുടങ്ങിയവയുടെ ഒക്കെ അടുത്തു ചെല്ലും.അവക്കു വേണ്ട ശുശ്രൂഷകൾ ചെയ്യും.ഫലങ്ങൾ ശേഖരിക്കും.നെല്ലു ഉണക്കാനിട്ടതു, തേങ്ങ ഉണങ്ങാനിട്ടതു, കുരുമുളകു തുടങ്ങിയവ ശ്രദ്ധിക്കും.വേണ്ട നിർദ്ദേശങ്ങൾ നൽകും.ചെയ്യേണ്ടതൊക്കെ ചെയ്യും...ചെയ്യിക്കും.
ഉച്ചയോടെ ,(12 മണി...ഇന്നത്തെപോലെ 1 മണിയല്ല ഉച്ച) സൂര്യന്റെ നിഴൽ നേരെ കാൽക്കിഴിലെത്തിയാൽ, കന്നുകളെ ആട്ടിക്കൊണ്ടുവരും. എല്ലാത്തിനേയും കുളിപ്പിക്കും.
എല്ലാ ദിവസവും കുളിപ്പിക്കും.തോടോ പുഴയോ വലിയ വഴിക്കുളങ്ങളോ കാണും.അതിലിറക്കിയാണു കഴുകുക.തേച്ചു ഉരച്ചു കഴുകും.കഴുകാൻ പനയോലകൊണ്ടുണ്ടാക്കുന്ന ബ്രഷ് (ചൌളി എന്നാണു പേരു) ആണു ഉപയോഗിക്കുക.ഇതുകൊണ്ട് തേച്ചുരച്ചാലേ ശരീരത്തിൽ പറ്റിയിരിക്കുന്ന ചാണകം പോകൂ.ധാരാളം വെള്ളം തേവി അഴുക്കൊക്കെ കളഞ്ഞു കാലികളെ കയറ്റും.സഹായിക്കൻ ചിലപ്പോൽ പണിക്കാരുണ്ടാകും. ചിലപ്പോൾ കന്നുമേക്കുന്ന കുട്ടികളും.കന്നുകഴുകൽ വലിയ രസമുള്ള ഒരു എർപ്പാടാണു എല്ലാർക്കും.
കന്നുകളെ കഴുകി തൊഴുത്തിലാക്കി അവർക്കു വെള്ളം കൊടുത്തു വൈക്കോലും ഇട്ടുകൊടുത്ത് അസ്സലായി തേച്ച് ഉരച്ചു കുളിച്ചു ഊണുകഴിക്കാൻ തയ്യാറാവും.കുളി കഴിഞ്ഞാൽ ചെറിയൊരു പ്രാർഥന ഉണ്ട്. അപ്പോഴേക്കും അടുക്കളയിൽ ഭക്ഷണം തയ്യാറായിട്ടുണ്ടാവും.വിസ്തരിച്ചു ഊണുകഴിക്കും.
ഭക്ഷണം ആഘോഷ മായിട്ടൊന്നുമല്ല.ജീവിക്കാനുള്ള ഭക്ഷണം.അതുകൊണ്ടുതന്നെ ശാരീരികാവശതകളില്ല...ദുർമ്മേദസ്സില്ല.പുഴുങ്ങിയനെല്ലരിച്ചൊറു (പുഴുങ്ങല്ലരി ച്ചോറു), കൂട്ടാൻ (കറി),ഉപ്പേരി,ചമ്മന്തി, മോരു, കൊണ്ടാട്ടംഎന്നിവ ഉണ്ടാവും.മത്സ്യം ഇടക്കൊക്കെ ഉണ്ടാവും.കറിയായിട്ടും വറവായിട്ടും.മാംസം അപൂർവ്വമായി ഉണ്ടാവും.കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ.കറി വീട്ടുവളപ്പിൽ നിന്നു കിട്ടുന്നവ കൊണ്ടാണു.പപ്പായ,ചേന,ചേമ്പ്,കിഴങ്ങ്,മുരിങ്ങ,മാങ്ങ,ചക്ക,പയറ്,ചീര ,പടർകായ എന്നിവകൊണ്ടാണു കറിയും ഉപ്പേരിയും.തേങ്ങ ചമ്മന്തിയിലേ ഉണ്ടാവൂ.കറിയിൽ തേങ്ങ പതിവില്ല.വിശേഷാവസരങ്ങളിലേ ഉള്ളൂ. കറിയിൽ മോരു/തൈർ ചേർക്കും.കൂട്ടി ഉണുകഴിക്കാൻ മോരു കാണും. തൈരു പതിവില്ല.ഭക്ഷണം കഴിച്ചു വെള്ളം കുടിച്ചു (ചുക്കുവെള്ളം അല്ല) എഴുന്നേൽക്കും.ഭക്ഷണനേരത്താണു വീട്ടുകാര്യങ്ങൾ ഭാര്യയുമായി സംസാരിക്കുക.തീരുമാനങ്ങളെടുക്കുക.ഭക്ഷണം കഴിഞ്ഞിട്ട് തീരുമാനിക്കരുതെന്നാ പ്രമാണം.
ഭക്ഷണം കഴിഞ്ഞ് ഒരൽ‌പ്പം നടക്കും.ഊണുകഴിഞ്ഞാൽ 100 അടി രാമനാമം ചൊല്ലി നടക്കണം എന്നാ പറയുക. അതിനിടക്കു തൊഴുത്തിൽ ചെന്നു കാലികളെ നോക്കും. അവ തീറ്റ നിർത്തി വിശ്രമത്തിലായിരിക്കും. നടത്തം കഴിഞ്ഞാൽ കുറച്ചു നേരം അറയിൽ ചെന്നു കിടക്കും.3.30 മണിയോടെ എഴുന്നേൽക്കും.ഇത്രയും നേരം ഒന്നു മയങ്ങും...ഒരു പൂച്ചയുറക്കം.
3.30 നു എഴുന്നേറ്റ് അടുക്കളയിൽ ചെന്നു തയ്യാറാക്കി വെച്ചിരിക്കുന്ന കാപ്പി ഒരു ഗ്ലാസ് കുടിക്കും.പിന്നെ ചെന്നു തൊഴുത്തിൽ കാലികൾക്കു പുല്ലു കൊടുക്കും.വെള്ളം കൊടുക്കും.നേരെ പാടത്തു ചെല്ലും. പണിക്കാരുണ്ടെങ്കിൽ അവരുടെ കൂടെ കൂടും.പണിക്കാരില്ലെങ്കിൽ വരമ്പിലൂടെ നടന്നു വിളകൾ ശുശ്രൂഷിക്കും.അയൽക്കരും മറ്റുമായി സംസാരിക്കും. സംഭാഷണമൊക്കെ ലോകകാര്യങ്ങളെ കുറിച്ചു മുഴുവനും ആകും.രാജ്യകാര്യങ്ങൾ, നാട്ടുകാര്യങ്ങൾ, പുതിയ നിയമങ്ങൾ, നികുതികൾ തുടങ്ങിയവയൊക്കെ വിഷയമായി വരും.തിരിച്ചു പോരുന്ന വഴിക്കു പീടികയിൽ ചെല്ലും.അത്യാവശ്യസാധനങ്ങൾവാങ്ങും.ചായപ്പൊടി,കാപ്പിപ്പൊടി,പഞ്ചസാര,ശർക്കര,ഉപ്പ്,മുളക്,മണ്ണെണ്ണ എന്നിവയൊക്കെയാണു സാധാരണ പതിവ് സാധനങ്ങൾ. മറ്റു സാധനങ്ങൾ...മുണ്ട്,തുണി,ബാറ്റിരി,സോപ്പ് തുടങ്ങിയവ മാസത്തിലൊരിക്കൽ ടൌണിൽ പോകുമ്പോൾ വാങ്ങും.5.30 മണിയോടെ വീട്ടിൽ തിരിച്ചെത്തും.
കുളിക്കുന്നതിന്നു മുൻപ് കായ്ക്കറി,തെങ്ങ്,കവുങ്ങ്,കുരുമുളക്,വെറ്റില...തുടങ്ങിയവക്കു നനക്കും.മഴക്കാലത്തുഇവയിലെതകരാറുകൾപരിഹരിക്കും.പുഴുക്കേട്,ചീയൽ...തുടങ്ങിയവ.എന്നിട്ട് വെള്ളം കോരികുളിക്കും.
ഉച്ചക്കുളിയേക്കാൾ കേമമായി രാത്രി കുളിക്കും. എണ്ണതേക്കലൊക്കെ ഈ നേരത്താണു. എണ്ണയും കുഴൻപും ഒന്നും എന്നും ഇല്ല. മാസത്തിലൊരിക്കൽ.സോപ്പ് തേച്ചുകുളി 2-3 ദിവസത്തിലൊരിക്കൽ.മുഖക്ഷൌരം മാസത്തിലൊരിക്കലേ ഉള്ളൂ.അന്നേ ക്ഷുരകൻ വീട്ടിൽ വരൂ.വിശേഷാവസരങ്ങൾക്കു പ്രത്യേകം ആളെ വിട്ടു വിളിപ്പിക്കണം.കുളിക്കുമ്പോൾ ഉടുത്ത വസ്ത്രം കഴുകും.തോർത്തുകൊണ്ട് തന്നെ ശരീരം മുഴുവൻ തേച്ചു ഉരക്കും.വൃത്തിയാക്കും.കാലു കല്ലിൽ ഉരച്ചു കഴുകും.കാലു വിണ്ടു പൊട്ടരുതല്ലോ.പാടത്തെ ചെളിയും അസുഖമുണ്ടാക്കും..വളം കടി,ചൊറി..കുഴിനഖം..
കുളികഴിഞ്ഞാൽ ഉമ്മറത്തു ചെന്നിരിക്കും. കുറച്ചു നേരം പ്രാർഥനയാണു.പ്രാർഥന ഉച്ചത്തിലാണു.നാമം ചൊല്ലും.എല്ലാർക്കും നന്മ വരുത്തണേ എന്നു പ്രാർഥിക്കും.(ലോക സമസ്തോ സുഖിനോ ഭവന്തു തന്നെ) അപ്പോഴേക്കും അടുക്കളയിൽ ഊണു തയ്യാറയിരിക്കും.ഭക്ഷണം കഴിക്കും.വീട്ടുകാര്യങ്ങൾ ഭാര്യയുമായി സംസാരിക്കും..തീരുമാനങ്ങളെടുക്കും.നാളത്തെ പരിപാടികൾ വിവരിക്കും.
ഭക്ഷണം സാധാരണ ചോറും കറിയും തന്നെ.വിഭവങ്ങൾ കുറവായിരിക്കും. രാത്രി മോരുകൂട്ടി ഉണ്ണില്ല.മുളകുഷ്യം ഉണ്ടാവും. പപ്പടം ചുട്ടതു.കൊണ്ടാട്ടം.ചില ദിവസങ്ങളിൽ കഞ്ഞിയാവും.ചില ദിവസം പലഹാരം...ദോശ..പുട്ട്...ഒരിക്കലൂണു ദിവസങ്ങളിലാണു ഇങ്ങനെ.ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കുന്ന ചടങ്ങുകൾ ഉണ്ട്.ചില ദിവസം ഉപവാസം ആകും. അന്നു ഒരു ഗ്ലാസ് കാപ്പിയും പഴവും അല്ലെങ്കിൽ ഗോതമ്പ് കഞ്ഞി...ചാമക്കഞ്ഞി...അങ്ങനെ എന്തെങ്കിലും..
ഭക്ഷണം കഴിഞ്ഞു ഒരൽ‌പ്പനേരം നടക്കും.അസ്സലായൊന്നു മുറുക്കും.തൊഴുതിൽ ചെന്നു കന്നുകാലികൾക്കു പുല്ലും വെള്ളവും കൊടുക്കും.എല്ലാറ്റിനേയും തൊട്ടു തലോടും.ലോഗ്യം പറയും.തിരിച്ചു വന്നു കൈകാലുകൾ കഴുകി, വായ കഴുകി അറയി ൽ ചെന്നു കിടക്കും.സമയം രാത്രി 8.

[ചെറിയ തിരുത്തലുകളോടെ പുന:പ്രസിദ്ധീകരിക്കുന്നത് ]

1 comment:

jalajapuzhankara said...

ജന്മിമാരുടെ കാർഷികം അല്ലേ? :)

ക്ഷേത്രദർശനം പതിവുള്ളവരും ധാരാളം ഉണ്ടായിരുന്നില്ലേ?