1.സ്കൂൾ ബസ്സുകൾ
പഴമൊഴി ഒന്നിങ്ങനെയാണ്: കടുക് ചോരുന്നത് നോക്കും; ആന ചോരുന്നത് നോക്കില്ല.സ്കൂളിലെ ചില സംഗതികൾ ഇങ്ങനെയാണോ? ഹെഡ്മാസ്റ്റർ, അധ്യാപകർ, കുട്ടികൾ എന്നിങ്ങനെയുള്ള ഒരു കൊച്ചുസമൂഹത്തെ മാത്രം ശ്രദ്ധിച്ചാൽ നേരത്തെ പറഞ്ഞ പഴമൊഴി പ്രവർത്തിക്കുന്നതിന്റെ നേര് ശരിക്കറിയാം.
എല്ലാ സ്കൂളിനും ഇപ്പോൾ സ്വന്തമായി ബസ്സുകൾ ഉണ്ട്. സ്കൂളിലെ ബഹുഭൂരിപക്ഷം കുട്ടികളും ഇതിൽ യാത്രികരാണുതാനും. രാവിലെ 7 മുതൽ 10 വരെയും വൈകീട്ട് 4 മുതൽ 6.30 വരേയും രണ്ടോട്ടം പതിവാണ്.ഇതിൽ രാവിലേയും വൈകീട്ടുമായി ഒരു കുട്ടി ശരാശരി 1 മണിക്കൂർ യത്രചെയ്യുന്നു.ഒരു മാസം 22 മണിക്കൂർ. ഇത്രയും നേരം കുട്ടികൾ എന്തു ചെയ്യുന്നു എന്നാലോചിച്ചിട്ടുണ്ടോ? ബസ്സിൽ കയറ്റിയാൽ അമ്മമാർ കരുതുന്നത് ഇനി മാഷമ്മാർ നോക്കിക്കൊള്ളും എന്നല്ലേ? മിക്ക ബസ്സിലും അധ്യാപകർ കൂടെയുണ്ട്.അവർ നോക്കുന്നുമുണ്ട്.
പക്ഷെ, കുട്ടികൾ കലപിലാ സംസാരിക്കുന്നു.ചെറിയ തോതിൽ വഴക്കടിക്കുന്നു. വഴിനീളെ കണ്ടുരസിക്കുന്നു. വഴിയിലെ വേലിക്കമ്പുകൾ കയ്യെത്തി പിടിക്കുന്നു (ഭാഗ്യത്തിന്ന് അപകടം ഒന്നും ഇല്ല). ആകപ്പാടെ ഒരു ഉല്ലാസയാത്ര.പുസ്തകസ്സഞ്ചികൾ ബസ്സിലെ കാരിയറിൽ നേരത്തെ തിരുകിക്കയട്ടിയിട്ടുമുണ്ട്.
നമ്മുടെ വിദ്യാർഥികൾ Full Time Students ആണോ Part Time Students ആണോ? വിദ്യാർഥി സ്കൂൾ ബഞ്ചിൽ ഇരിക്കുമ്പൊൾ മാത്രമാണൊ? വീട്ടിൽ പഠിക്കാനിരിക്കുമ്പോൾ മാത്രമാണോ? പണ്ടുകാലത്താണെങ്കിൽ ഈ സംശയം ഇല്ല. ബ്രഹ്മചാരി (5 വയസ്സുമുതൽ 15 വയസ്സുവരെ) പൂർണ്ണസമയം വിദ്യാർഥി തന്നെ. രാവിലെ 5 മണിമുതൽ രാത്രി 8മണി വരെ വിദ്യാർഥിയായിട്ടാണ് കഴിയുക. ഉറക്കത്തിലും പഠിതാവുതന്നെയായിരുന്നു. പഠിച്ചകാര്യങ്ങൾ ‘ഏതുറക്കത്തിലും പറയാറാവണം’ എന്നായിരുന്നു പഴമൊഴി. ഉറക്കത്തിലും പഠിച്ചകാര്യങ്ങൾ സജീവമായി ചിന്തയിൽ ഉണ്ടാകണമെന്നല്ലെ ഇതു സൂചിപ്പിക്കുന്നത്.ഒരു പക്ഷെ, നമ്മുടെ അധ്യാപകർക്ക് ചെയ്യാനുള്ള ആദ്യത്തെ സുപ്രധാന കാര്യം കുട്ടിയെ Full Time പഠിതാവാക്കുക എന്നതു തന്നെയായിരിക്കും.ഈ വഴിക്കുള്ള ചർച്ചകൾ നാം നടത്തേണ്ടതല്ലേ?
ശരി. അപ്പോൾ ബസ്സിലെ കാര്യങ്ങൾ തന്നെ നോക്കാം. രാവിലെ ഭക്ഷണമൊക്കെ കഴിച്ചു ഉഷാറായി ആദ്യ ഒരു മണിക്കൂർ ബസ്സിലാണല്ലോ. ശരിക്കും പറഞ്ഞാൽ പഠിക്കാൻ ഏറ്റവും പറ്റിയ സമയം ആണ് ഈ ഒരു മണിക്കൂർ. എന്നാൽ ഒരു സംഗതിയും പ്ലാൻഡ് ആയി പഠിക്കാൻ ഈ സമയം നാം പ്രയോജനപ്പെടുത്തുന്നില്ല. ഇതു പ്രയോജനപ്പെടുത്താനുള്ള ചർചകൾ ആദ്യം അധ്യാപകരിൽ നടക്കണം. അതു കുട്ടിക്ക് പ്രവർത്തനമായി നൽകണം. ഓരോസ്കൂളിന്റേയും പരിമിതികൾ പരിഗണിച്ചു സമയബന്ധിതമായി ചിലത് ചെയ്യുകയും ആയതൊക്കെ മോണിറ്റർ ചെയ്യുകയും വേണം.
• മിക്ക ബസ്സുകളിലും ‘പാട്ട്’ ഉണ്ട്. പഠിക്കാനുള്ള പാഠങ്ങൾ (കഥ, നാടകം, കവിത) കാസറ്റുകളാക്കി കുട്ടികളെ കേൾപ്പിക്കാവുന്നതല്ലേ? വീഡിയോ പറ്റുമെങ്കിൽ സാധ്യത ഇനിയും ഏറും.ഇതു പതിവാക്കുമ്പോൾ കുട്ടികൾ ആവശ്യക്കാരാവും. ഇന്ന കവിത , ഇന്ന നാടകം കേൾക്കണമെന്നു കുട്ടികൾ ആവശ്യപ്പെടാൻ തുടങ്ങും .വിവിധ കാസറ്റുകൾ പാഠ്യവസ്തുക്കളുമായി ബന്ധപ്പെട്ട് തയ്യാറക്കിവെക്കേണ്ട ജോലി അധ്യാപകർ ചെയ്താൽ കാര്യങ്ങൾ ഫലപ്രദമാകും.
• ഒന്നോ രണ്ടോ പത്രങ്ങൾ ബസ്സിൽ വായിക്കാൻ ലഭിക്കുമെങ്കിൽ ആയത് ഗുണം ചെയ്യില്ലേ? പത്രവായനക്ക് പ്രേരിപ്പിക്കുന്ന ചിലതു കൂടി ഉണ്ടെങ്കിലോ? ചെറിയ ക്വിസ്സ്, ചോദ്യം, സമ്മാനപ്പൊതി തുടങ്ങിയവ.
• ബസ്സ് യാത്രയിൽ ഏറ്റവും ചുരുങ്ങിയത് നല്ല യാത്രാശീലങ്ങളെങ്കിലും പാഠ്യവിഷയമാക്കം. റോഡ് നിയമങ്ങൾ, ഡ്രൈവിങ്ങ് നിയമങ്ങൾ, റോഡ് സുരക്ഷ തുടങ്ങിയവയെങ്കിലും. ഇത് ചിത്രങ്ങൾ, ചാർട്ടുകൾ, ചെറിയ വീഡിയോകൾ എന്നിവ ഉപയോഗിച്ചാകാം.
• അടുത്തിരിക്കുന്നവരുമായി പഠനകര്യങ്ങൾ ചർച്ചചെയ്യുന്ന ശീലം ബസ്യാത്രയിൽ ഉണ്ടാവേണ്ടതല്ലേ? സ്കൂൾ കാര്യങ്ങളും പൊതുവെ ലോകകാര്യങ്ങളും ചർചചെയ്യാമല്ലോ. ഇപ്പൊഴും ചർച്ചകൾ നടക്കുന്നുണ്ടാവണം. എന്നാൽ അതൊന്നും ‘വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതല്ലെന്നു മാത്രം.
ഇതു പറയുന്നത് സാറമ്മാർ ബസ്സിലും കുട്ടികളെ പഠിപ്പിച്ചു ദ്രോഹിക്കയാണോ എന്ന കുചോദ്യം ഉന്നയിക്കാനല്ല. കുട്ടികളുടെ ‘വിദ്യാർഥി‘ സ്വഭാവം അവർക്ക് ഗുണകരമക്കൻ മാത്രമാണല്ലോ.
sujanika@gmail.com