ശരീരവും മനസ്സും
പൊതുവെ നമ്മുടെ ക്ളാസ് മുറികൾ സമ്മതിക്കാത്ത ഒരു സംഗതി - കുട്ടിമനസ്സുമാത്രമല്ല, ശരീരം കൂടിയാണ് എന്നസത്യമാണ്. പഠനത്തിന്റെ ആദ്യാവസാന കർമ്മഭാഗം മനസ്സ് മാത്രമാണെന്നാണ് എന്നേ ശ്രദ്ധിച്ചിട്ടുള്ളൂ. ശാരീരികപ്രക്രിയകളിൽ കൂടി കുട്ടി അറിവ് നിർമ്മിക്കുന്നു -ആർജ്ജിക്കുന്നു എന്ന് സാമ്പ്രദായിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെടുന്നില്ല. കുട്ടി ക്ളാസിന്നു പുറത്തിറങ്ങി മരംകയറുന്നതോ ഒറ്റത്തടിപാലത്തിൽ കയറി നടക്കുന്നതോ ഊഞ്ഞാലാടുന്നതോ പൂക്കളോടും പൂമ്പാറ്റകളോടും സംസാരിക്കുന്നതും മഴുകൊണ്ട് വിറക് കീറുന്നതോ അടുക്കളയിൽ ചെന്ന് ഇഷ്ടമുള്ള വിഭവം ഉണ്ടാക്കുന്നതും അറിവ് നിർമ്മിക്കുന്നതിന്ന് സഹായകമാണെന്ന് അദ്ധ്യാപിക തിരിച്ചറിഞ്ഞിട്ടില്ല. മാത്രമല്ല, ശാരീരിക പ്രവർത്തനം - പ്രക്രിയകൾ ജ്ഞാനാർജ്ജനത്തിന്ന് തടസ്സമാണെന്നുകൂടി വാദിക്കും. സമൂഹത്തിൽ പൊതുവെ ശാരീരികപ്രവർത്തനം രണ്ടാം തരമാണെന്നും കരുതുന്നു.
ഏതറിവും കുട്ടി നേടുന്നത് ശാരിരികവും മാനസികവുമായ പ്രക്രിയകൾ നിർവഹിക്കപ്പെടുമ്പോഴും ഒന്നിപ്പിക്കുമ്പോഴുമാണെന്ന് തിരിച്ചറിയുന്ന അദ്ധ്യാപിക തനിമയുള്ള അദ്ധ്യാപന ശൈലികൾ സംരചിക്കുന്നതിന്ന് മിടുക്ക് നേടും .
അദ്ധ്യാപകൻ തെങ്ങുകയറാൻ ശ്രമിച്ചപ്പോഴാണ് പുതിയ ഒരു പറ്റം അറിവുകൾ സ്വയം നിർമ്മിച്ചത്. ആ അറിവുമായിട്ടാണ് ഇപ്പൊഴും തെങ്ങുകയറി തേങ്ങയിടുന്നത്. ഓരോകയറ്റത്തിലും അറിവ് പുതുക്കപ്പെടുന്നതുമുണ്ട്.
ആയതിനാൽ കുട്ടി ക്ളാസ് മുറിയിൽ നിന്നു മാത്രമല്ല അറിവ് ഉൽപ്പാദിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം. ക്ളാസ് മുറിയിൽ അപ്രധാനവും കെട്ടിയിട്ടതുമായശരീരം ക്ളാസിന്ന് പുറത്ത് പ്രധാനവും കെട്ടഴിച്ച് വിടപ്പെട്ടതുമായി മാറുന്നു. നിരവധി കാര്യങ്ങൾ കുട്ടി ചെത് പഠിക്കുന്നു. മാത്രമല്ല, ക്ളാസിൽനിന്ന് പഠിച്ച് കാര്യങ്ങൾ സ്വയം ചെയ്തുനോക്കി ലഭിച്ച അറിവിനെ പൂർണ്ണമാക്കുന്നു, അല്ലെങ്കിൽ നവീകരിക്കുന്നു. ഇപ്പോൾ കുട്ടികൾ ക്ളാസിന്ന് പുറത്താണ്. അതുകൊണ്ടുതന്നെ ശരീരവും മനസ്സും ഒന്നിച്ച് പ്രവർത്തിപ്പിക്കുന്ന പഠനപ്രവർത്തനങ്ങൾക്ക് സാധ്യതയുണ്ട്.
പലപ്രായത്തിലും പലക്ളാസിലും പല സ്കൂളിലും പഠിക്കുന്ന ഒരു ചുറ്റുവട്ടത്തെ കുട്ടികൾ [ 10-15 പേർ ] ആഴ്ചയിൽ 2-3 ദിവസം 2-3 മണിക്കൂർ നേരം ചുറ്റുവട്ടത്തുള്ള അദ്ധ്യാപകർ, വിവിധ മേഖലകളിൽ അറിവുള്ള ആളുകൾ [ അക്കാദമിക് ലോക്കൽ റിസോർസ് ] തികച്ചും സുരക്ഷിതമായി ഒന്നിച്ച് കൂടുകയും നന്നായി പ്ളാൻ ചെയ്ത പഠനപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്താൽ ഇക്കാലത്തെ പഠനസ്തംഭനം കുറേയൊക്കെ ഒഴിവാക്കാം. പ്രാദേശിക ഭരണകൂടം, സ്കൂളുകൾ , രക്ഷിതാക്കൾ എന്നിവരുടെ മേൽനോട്ടത്തിലും മുൻകയ്യിലും ഇത് - ലോക്കൽ റിസോർസ് സെന്റർ - നന്നായി ചെയ്യാം.
സ്കൂളുകൾ സാധാരണപോലെ തുറന്നാലും ഈ സാധ്യത കുറേയൊക്കെ നിലനിർത്താൻ ഈ സെന്റർ ശ്രമിക്കുകയും ചെയ്യും. സ്കൂളിനകത്തും പുറത്തും പഠനാന്തരീക്ഷം നിലനിൽക്കും. അത് സമൂഹത്തിന്ന് വലിയ ഗുണം ചെയ്യും എന്നുറപ്പല്ലേ?
ചിത്രം : ലൈബ്ററി സ്വീറ്റിന്റെ ബ്ളോഗിൽ നിന്ന്
തുടരും .......