15 October 2012

ഉറക്കത്തിന്റെ സുഖം

[ പത്താം  ക്ളാസില്‍ മലയാളം  അടിസ്ഥാനപാഠാവലിയില്‍ ഒ.എന്‍.വി.കുറുപ്പിന്റെ ' കൊച്ചുദു:ഖങ്ങളുറങ്ങൂ..' എന്ന പ്രസിദ്ധ കവിത പഠിക്കാനായുണ്ട്.  കവിതസ്വാദന ചര്‍ച്ചകള്‍ക്ക് ഒരു കുറിപ്പ് ]

മനോഹരമായ ഒരു ഭാവഗീതമാണ്` ഈ കവിത. നന്‍മകള്‍ നാടുവെടിഞ്ഞുപോകുന്നതിനെ കുറിച്ച് പൈങ്കിളിപ്പൈതല്‍ പാടുമ്പോള്‍ കവിയുടെ കൊച്ചു ദു:ഖങ്ങള്‍ ഉറങ്ങുന്നു. നാടോടി സംസ്കൃതിയുടെ നാശം  ഒരു ഭാഗത്ത് ഭീഷിണിയായി നില്‍ക്കുന്നു. … ഈ പ്രസ്താവനകള്‍ സൂചനകളായി പാഠത്തിന്റെ ചര്‍ച്ചാക്കുറിപ്പുകള്‍ക്കായി നല്കിയിരിക്കുന്നു. ക്ളാസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇങ്ങനെയും  ചില സംഗതികള്‍ പ്രയോജനപ്പെടുത്താനാവുമോ?

നാടുവെടിഞ്ഞുപോം  നന്മകള്‍ തന്‍ കഥ
പാടിയ പൈങ്കിളിപ്പൈതല്‍
എന്ന വരികളില്‍ രാമായണ സന്ദര്‍ഭവും  [ നക്ഷത്രചിന്ഹമിട്ട അടിക്കുറിപ്പുണ്ട്] പൈങ്കിളി തുഞ്ചന്റെ പൈങ്കിളിയെന്ന സൂചനയും  കിട്ടും. രാമായണസൂചനയനുസരിച്ച് നാടുവെടിഞ്ഞുപോകുന്ന നന്മകളും  കവിക്ക് ദു:ഖമുളവാക്കുന്ന ' നാടുവെടിഞ്ഞ നന്മകളും  ' തമ്മിലുള്ള സാജാത്യങ്ങള്‍ എന്തൊക്കെയാണ്` ? നാടോടി സംസ്കൃതിയുടെ നാശമാണ്` ' നാടുവിടുന്ന നന്മകള്‍ ' കവിക്ക് എന്നല്ലേ കവിതയിലെ സൂചന?

നാടോടി സംസ്കൃതിയുടെ നാശം 
നാടോടി സംസ്കൃതിയുടെ നാശമായി കാണാവുന്ന കവിസൂചകള്‍ എന്തെല്ലാം?

04 October 2012

പ്രവാസങ്ങള്‍

-->
പ്രവാസം മനുഷ്യകുലത്തിന്റെ എന്നെന്നുമുണ്ടായിരുന്ന ആകുലതയാണ്`. പത്താം ക്ളാസിലെ 'അലയും മലയും കടന്നവര്‍' എന്ന വിഭാഗത്തിലെ പാഠങ്ങള്‍ പ്രവാസജീവിതത്തിന്റെ ദുരന്തസ്മൃതികളാണ്`. മഹകവി വൈലോപ്പിള്ളിയുടെ 'ആസ്സാം പണിക്കാര്‍ എന്ന കവിതാപഠനത്തിന്ന് സഹായകമാകുന്ന ഒരു കുറിപ്പ് നോക്കൂ:


ജനിച്ചുവള‌‌ര്‍ന്ന സ്വന്തം ഇടം ഉപേക്ഷിച്ചുപോകേണ്ടിവരുന്നതാണ്` മനുഷ്യന്റെ ഏറ്റവും വലിയ സങ്കടം. ഈ അവസ്ഥ ഉണ്ടാക്കുന്ന സംഗതികള്‍ പലതാകാം.
  • നിബ്ബന്ധപൂര്‍വം അധികാരികള്‍ ഒഴിപ്പിക്കുന്നത്
  • ഉപജീവനാ‌‌ര്‍ഥം സ്വന്തം ഇടം ഉപേക്ഷിക്കേണ്ടിവരുന്നത്
  • യുദ്ധം, പ്രകൃതിക്ഷോഭം മുതലായ കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവരുന്നത്
  • ..
  • .
ഭക്ഷണസമ്പാദനത്തിന്നായി നായാട്ടിനേക്കാള്‍ കൃഷിയെ ആശ്രയിക്കുകയും അതുകൊണ്ടുതന്നെ ഒരിടത്ത് ഒതുങ്ങിക്കൂടുകയും ചെയ്യേണ്ടിവന്നതിന്റെ സു:ഖ സൗകര്യങ്ങള്‍ , സുരക്ഷിതത്വം , തുടര്‍ച്ച എന്നിവയാണ്` നാടോടി അലച്ചിലില്‍ നിന്ന് മനുഷ്യ വംശത്തെ സാമൂഹമെന്നനിലയിലല്‍ വികസിക്കാന്‍ സഹായിച്ചത്. സംസ്കാരത്തിന്റെ , കലയുടെ, ദര്‍ശനങ്ങളുടെ ഒക്കെ വികാസം ഉണ്ടായത് ഈ ഒതുങ്ങിക്കൂടലിലാണ്`. ആട്ടിയോടിക്കപ്പെടലില്‍ മനുഷ്യന് നഷ്ടപ്പെടുന്നതും ഇതൊക്കെയാണ്`. സ്വന്തം സൗകര്യങ്ങളും സുരക്ഷിതത്വവും കലയും സംസ്കാരവും ചരിത്രവും നഷ്ടപ്പെടുന്നതിനേക്കാള്‍ വലിയ നഷ്ടം മറ്റെന്തുണ്ട്? തനിച്ചാവുന്ന പ്രവാസങ്ങളും വേണ്ടപ്പെട്ടവരോടുകൂടിയുള്ള പ്രവാസങ്ങളും ഉണ്ട്. 'ആടുജീവിതത്തില്‍ ' നജീബിന്ന് തനിച്ചുള്ള പ്രവാസമാണ്`. വേണ്ടപ്പെട്ടവരെല്ലാം നാട്ടിലും നജീബ് വിദേശത്തുമാണ്`. 'ആസ്സാം പണിക്കാരില്‍' മിക്കവാറും വേണ്ടപ്പെട്ടവരൊക്കെ കൂടെയുണ്ട് . സ്വാഭാവികമായും തനിച്ചുള്ള വിദേശവാസത്തിന്ന് ദുരിതമേറും.

അതുകൊണ്ടുതന്നെ പ്രവാസിയുടെ മനസ്സ് എപ്പോഴും തന്റെ ഇടത്തെക്കുറിച്ചായിരിക്കും. വിട്ടുപോരേണ്ടിവന്ന ഇടം,പ്രദേശം, നാട്, രാജ്യം, ഭൂഖണ്ഡം... എന്നിങ്ങനെ വേര്‍പാടിന്റെ വേദനയും വ്യാസവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. നാടുവിടേണ്ടിവന്ന കാരണം എന്തായാലും അതു മറക്കുകയും തിരിച്ചെത്താനുള്ള വെമ്പലില്‍ നാളുകള്‍ നീക്കുകയും ചെയ്യും. ചെന്നുപെട്ട നാടിന്റെ ക്രൗര്യങ്ങള്‍ ഈ വെമ്പല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും . അസ്സാം പണിക്കാരില്‍ ഈ അവസ്ഥയാണ്` നമുക്ക് കാണാന്‍ കഴിയുക.

പിറന്ന്` വളര്‍ന്ന മണ്ണിനെ ശപിച്ചുകൊണ്ടാണ്` ഇവര്‍ ദൂര ദേശങ്ങളില്‍ പണിതേടിപ്പോകുന്നത്. ജന്മിമാരുടെ ക്രൂരതകള്‍, പട്ടിണി, നിത്യദാരിദ്യം, രോഗം എന്നിവകൊണ്ട് മനം മടുത്താണ്` ഇവര്‍ പോകുന്നത്. ജന്മനാട്ടിന്റെ മനോഹാരിതകളൊന്നും [ പച്ചപ്പാര്‍ന്ന തെങ്ങുകവുങ്ങുകളും പതഞ്ഞൊഴുകുന്ന നദികളും ...... ഒന്നും ] ഇവരെ തടുത്തുനിര്‍ത്താന്‍ മതിയാവുന്നില്ല. പണിക്കാരെന്ന നിലയില്‍ അവരനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ അവരെ തൊഴില്‍ തേടിപ്പോകാന്‍ നിര്‍ബന്ധിക്കുന്നു.
പട്ടാളക്കാര്‍ക്ക് പാത നിര്‍മ്മിക്കുന്ന പണിയുമായി ആസ്സാമില്‍ എത്തിയാലും അവിടം സ്വര്‍ഗമൊന്നുമല്ലെന്ന് അവര്‍ക്കറിയാം. പീഡനങ്ങള്‍ അവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. എങ്കിലും പണിയും കൂലിയും ഭക്ഷണവും കിട്ടുമെന്ന ഉറപ്പിലാണവര്‍. അക്കരെപ്പച്ചകള്‍ മനുഷ്യനെ എന്നും വ്യാമോഹിപ്പിച്ചിട്ടുണ്ട്.

തികച്ചും ഭൗതികമായ സമ്മര്‍ദ്ദങ്ങള്‍കൊണ്ട് നാടുവിട്ടുപോയവര്‍ [ നാടിന്റെ സൗന്ദര്യാംശങ്ങളൊന്നും അവരെ തടുത്തുനിര്‍ത്താന്‍ പര്യാപ്തമായില്ല] നാടുവിട്ടതുമുതല്‍ ഒരു തരം ഗൃഹാതുരത്വം അനുഭവിക്കുന്നു. ഒരു തെങ്ങിന്‍ തലപ്പിനും ഒരു വെള്ളമുണ്ടിനും അവരെ ആഹ്ളാദിപ്പിക്കാനാവുന്നു. ഈ സൗന്ദര്യാനുഭൂതികളില്‍ അവര്‍ തിരിച്ചും വരുന്നു. പ്രവാസത്തിന്റെ ദുരിതം അവര്‍ക്ക് സ്വന്തം നാടിനെ അമലവും മധുരദര്‍ശനവുമായിരിക്കുന്നു. ഈ ബോധമാറ്റം ഉണ്ടാക്കുന്നതാണ്` പ്രവാസം. തിരിച്ചുപോരല്‍ - സ്വന്തം ഇഷ്ടംപോലെ തിരിച്ചുപോരല്‍ എല്ലാ പ്രവാസിക്കും ആവതല്ല. നജീബിന്ന് അങ്ങനെ പോരാന്‍ വയ്യ. ഒരിക്കലും തിരിച്ചുപോരാനാവാത്ത പ്രവാസങ്ങളാണ്` 'ക്രോധത്തിന്റെമുന്തിരിപ്പഴങ്ങളി'ലും [ ജോണ്‍ സ്റ്റീന്‍ ബക്കിന്റെ നോബല്‍ സമ്മാനിതമായ നോവല്‍] മറ്റുമുള്ളത്. അപ്പോള്‍ ഗൃഹാതുരത്വം ജീവിതത്തെ നരകമാക്കുകയും ചെയ്യുന്നു. ഇരട്ടി ദുരിതം - മാനസികവും ഭൗതികവുമായ ദുരിതം ഈ പ്രവാസികള്‍ പേറേണ്ടിവരികയാണ്`.
കവികള്‍ എല്ലാം എന്നും ഒരു തരത്തില്‍ പറഞ്ഞാല്‍ പ്രവസികളാണ്`. രണ്ടു ലോകങ്ങളാണ്` - നാടുകളാണ്` കവിക്ക്. ഒന്ന് ഭൗതികമായ നാടും ഒന്ന് സാങ്കല്പ്പികമായ – കാവ്യാത്മകമായ നാടും. ഇവതമ്മിലുള്ള വൈരുദ്ധ്യം കവിയെ പ്രവാസിയാക്കുന്നു. സാങ്കല്പ്പികമായ നാട്ടിലെ നന്മകളൊന്നും ഭൗതികമായ നാട്ടിലില്ലല്ലോ. സത്യവും ശിവവും സുന്ദരവും കാവ്യങ്ങളില്‍ ആവിഷ്കരിക്കുന്നതിലൂടെ കവി പ്രവാസത്തിന്റെ ദുരിതങ്ങള്‍ കവിതയാക്കുന്നു. സാധാരണക്കാര്‍ക്ക് അതിനുള്ള സദ്ധികളില്ലെന്ന് മാത്രം.