15 October 2011

മുറിവ് കീറുന്നവര്‍


പത്താം ക്ളാസ്സിലെ മലയാളം അടിസ്ഥാനപാഠാവലി
(പാഠം : എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍ / കഥ : . ഹരികുമാര്‍ : ആസ്വാദനത്തിനൊരു വാതില്‍)

കഥയായാലും കവിതയായാലും ഇവയെ വേര്‍തിരിക്കുന്ന വരമ്പുകള്‍ വളരെ നേര്‍ത്തതാണ്`. പണ്ടാണെ ന്കില്‍ ഗദ്യരൂപം കഥക്കും പദ്യരൂപം കവിതക്കും എന്നുണ്ടായിരുന്നു. ആധുനികസാഹിത്യകാലത്ത് അതുപോലും ഇല്ലെന്നായി. ഗദ്യകവിതകള്‍ പദ്യകവിതകളേപ്പോലെ പ്രതിഷ്ഠ നേടി. അതൊരു വലിയ വളര്‍ച്ച തന്നെയാണെന്ന് നമുക്കറിയാം. പദ്യരൂപം ഉള്ളതുകൊണ്ടുമാത്രം ഒരു രചന കവിതയാവില്ല എന്നര്‍ഥം. തിരിച്ചും. പക്ഷെ, ഇനി വരാനിരിക്കുന്ന പരിണാമം പദ്യരൂപത്തിലുള്ള കഥകളാവാം. ഉമാകേരളം , ചിത്രയോഗം തുടങ്ങിയ പഴയ മഹാകാവ്യങ്ങള്‍ പോലെ. നിലവില്‍ കഥയേയും കവിതയേയും പ്രത്യക്ഷമായി വേര്‍തിരിക്കുന്ന മുദ്രകളില്ല. എഴുത്തുകാരന്‍ തീരുമാനിക്കുന്നപോലെ അയാളുടെ രചന കവിതയോ കഥയോ ആകാം എന്നാണവസ്ഥ. ശിവപ്രസാദ്പാലോടിന്റെ ഒരു കഥ നോക്കൂ:
പക
കുന്നിന്റെ ചിതാഭസ്മം
കാറ്റ് ഗ്രാമത്തിലെ എല്ലാ വീട്ടിലും എത്തിച്ചു.
മഴ എല്ലാ വീട്ടിലും എത്തിച്ചു.
പ്രകൃതിയുട പക.

(കുറുംകഥകള്‍ )

'കഥ' എന്നവകുപ്പിലാണീ രചന ശിവപ്രസാദ് ഉള്‍പ്പെടുത്തിയത്. 'കവിത' യെന്ന് പറഞ്ഞിരുന്നെന്കില്‍ അതങ്ങനെ. അത്രയേഉള്ളൂ. ഇത് സൂചിപ്പിക്കുന്നത് കഥയായാലും കവിതയായാലും രചന ആസ്വദിക്കപ്പെടുന്നത് രൂപ പരതയിലല്ല; മറിച്ച് ഉള്ളടക്കത്തില്‍ ആണെന്ന് തോന്നുന്നുണ്ട്. എന്നാല്‍ ഈ ഉള്ളടക്കം ഭാഷാരൂപം, ഭാവരൂപം, ആശയതലം , പ്രകടനശൈലി എന്നിവയുടെ സര്‍ഗാത്മകമായ ശില്‍പ്പ നിര്‍മ്മിതിയാണ്. ഇതോരോന്നും ഒറ്റയ്ക്കൊറ്റക്കും സമഗ്രമായും ആസ്വദനീയമാണ്. കാവ്യശില്പ്പത്തിന്റെ പ്രാഥമിക ഉപകരണം വാക്കാണ്. വാക്കുകള്‍ സമ്യക്കായി കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തുന്ന വാക്യങ്ങളാണ്. 'വാക്യം' തന്നെ 'കാവ്യം' .

'എന്തൊക്കെയോ നഷ്ടപ്പെടുന്ന ഒരാള്‍ ' എന്ന കഥ (. ഹരികുകാമര്‍ ) 'വാക്യം തന്നെ കാവ്യം ' എന്ന ആസ്വാദനസന്കല്പ്പത്തില്‍ പരിശോധിക്കാവുന്നതാണു്. കഥയിലെ ഓരോ വാക്യവും വായനക്കാരനില്‍ സൃഷ്ടിക്കുന്ന ആശയപരവും , ഭാവപരവുമായ ലോകങ്ങളെ തിരിച്ചരിഞ്ഞും ഉള്‍ക്കൊണ്ടും വായന തുടരുമ്പോഴാണു്. കഥ ആരംഭിക്കുന്നത് -
' അവള്‍ കുറേ നേരമായി അവരുടെ പിന്നാലെ നടക്കുകയായിരുന്നു. എപ്പോഴാണ് കൂടെ കൂടിയതെന്നറിയില്ല.'
എന്ന ഒരു വാക്യത്തോടെയാണ്. കഥ മുഴുവന്‍ വായിച്ചുതീരുമ്പോള്‍ ഈ വാക്യം നമ്മെ വീണ്ടും കഥയിലേക്ക് മടക്കിക്കൊണ്ടുവരികയാണ്. കഥാസ്വാദനം ഇങ്ങനെയാണ്. ഔപചാരിക വായന കഴിയുമ്പോഴാണ് ആസ്വാദനം ആരംഭിക്കുന്നത്. 'മഴപെയ്തു കഴിയുമ്പോള്‍ മരം പെയ്യാന്‍ തുടങ്ങുന്നതുപോലെ 'എന്ന ഉപമ സാഹിത്യാസ്വാദനത്തില്‍ ഉടനീളം ഉണ്ട്. 'മരം പെയ്ത്ത് ' അനവധികാലം നീണ്ടുനില്ക്കും. നമ്മുടെ വായനാനുഭവങ്ങള്‍ വളരുന്നതോടെ ആദ്യം മുതല്‍ വായിച്ചുതീര്‍ത്തവ എല്ലാം ഓരോപ്രാവശ്യവും വീണ്ടും ആസ്വദിക്കാന്‍ തുടങ്ങും. കാവ്യരസം ജീവിതകാലം മുഴുവനാണ്`നം ആസ്വദിക്കുന്നത്.
സമകാലിക സാമൂഹ്യജീവിതത്തിന്റെ ഒരു മുഖം കഥാകാരന്‍ നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്`. സാമ്പത്തികാസമത്വം, ഉപഭോഗതൃഷ്ണ, മാനുഷികത, സഹജീവീസ്നേഹം തുടങ്ങിയ വിഷയങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ വൈകാരികമായി പ്രവേശിപ്പിക്കുകയാണ്` ഹരികുമാര്‍. വീടും കുടുംബവും ഉള്ള കഥാനായകനും ഇതൊന്നുമില്ലാത്ത അനാഥയായ റാണിയുമാണ് പ്രധാനകഥാപാത്രങ്ങള്‍.[എല്ലാം ഉള്ള നായകന്ന് കഥയില്‍ പേരില്ല എന്നതും ഒന്നും ഇല്ലാത്ത കുട്ടിക്ക് 'റാണി' എന്നു പേര്‍ നല്കിയതും ശ്രദ്ധിക്കണം.] സഹജീവീസ്നേഹവും മാനുഷികതയും അല്‍പ്പമെന്കിലും ബാക്കിനില്‍ക്കുന്നവനാണ് നായകന്‍. അതുകൊണ്ടാണല്ലോ 'എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാള്‍' എന്ന ശീര്‍ഷകം. [എല്ലാം നഷ്ടപ്പെട്ടില്ല എന്ന സൂചനായാണിത് . ]സാമ്പത്തികാസമത്വത്തില്‍ നേരിയ വിഷാദം [ അതുകൊണ്ടാണല്ലോ റാണിയെ കൂടി കൂടെ താമസിപ്പിക്കാന്‍ രമണിയുമായി സംസാരിക്കുന്നത് ] ഉപഭോഗതൃഷ്ണയില്‍ അത്രയധികം ആഴ്ന്നിറങ്ങാത്ത വസ്ഥ [സാരിക്കടയില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുന്നു] എന്നിവയും നായകനുണ്ട്. രമണിയാകട്ടെ വളരെ നേരത്തെ എല്ലാം നഷ്ടപ്പെട്ടവള്‍ ആണെന്നും കാണാം.[സ്വന്തം അനുജത്തിയുടെ മകളുടെ കല്യാണത്തേക്കാള്‍ രമണിക്ക് പരിഗണന അവളാഗ്രഹിച്ച സാരിയില്‍ മാത്രമാകുന്നു. ] ഇനിയും നഷ്ടപ്പെടാത്ത ചിലതുള്ള നായകനും എല്ലാം നഷ്ടപ്പെട്ട ഭാര്യയും [നഷ്ടപ്പെട്ടതിനൊക്കെ പകരം ചിലത് - ഉപഭോഗതൃഷ്ണ, സ്വാര്‍ഥം , ഇടപെടല്‍ ശേഷി, തീരുമാനമെടുക്കാനുള്ള കാലതാമസം - സ്വീകരിച്ചിട്ടുണ്ടെന്നതും മറക്കരുത്. ] അറിഞ്ഞോ അറിയാതെയോ ഇനി ബാക്കിയുള്ളതും കൂടി നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നടക്കുന്നതിനിടക്കാണ്` 'അവള്‍ ' കൂടെ കൂടുന്നത്. അതെപ്പോഴാണെന്ന് കൃത്യമായി അവര്‍ക്കറിയില്ലെന്കിലും വായനക്കാരായ നമുക്കറിയാം എന്നതുകൊണ്ടാണീ വാക്യം ഹരികുമാര്‍ എഴുതി വെക്കുന്നത്. നമുക്കറിയാം.. ഈ ആഗോളീകരണത്തിന്റേയും കച്ചവടസംസ്കൃതിയുടേയും വര്‍ത്തമാനകാലത്തിലാണ്` 'അവള്‍ ' കൂടെ കൂടിയത്. കടയില്‍ നിന്ന് ഇറങ്ങുമ്പോഴാണ്` അവരുടെ ശ്രദ്ധയില്‍ പെട്ടത്. പക്ഷെ, രമണിക്ക് കുറേ കൂടി കൃത്യമായി [കാറില്‍ നിന്നിറങ്ങിയതുതൊട്ട് ]അവള്‍ എപ്പോഴാണ്` കൂടെ കൂടിയതെന്നറിയാം. കാറില്‍ നിന്നിറങ്ങിയത് ആദ്യ സ്വര്‍ണ്ണക്കടയിലേക്കായിരുന്നല്ലോ. കാറില്‍ നിന്നിറങ്ങുമ്പോള്‍ 'അവള്‍ ' കൂടെ കൂടി എന്നതിനേക്കാള്‍ കൃത്യത സ്വര്‍ണ്ണക്കടിയിലേക്ക് കയറുന്നതിന്ന് മുന്പ് കൂടെ കൂടി എന്നു കരുതുന്നതിനാണ്`.എവിടെയും ഉപഭോഗാര്‍ത്തിയുടെ സൂചനയാണ്` 'കട' . നമ്മുടെ മുന്‍ തലമുറ ' പീടിക' യിലേക്കേ പോയിരുന്നുള്ളൂ. പീടികക്കോലായകള്‍ നമ്മുടെ രാഷ്ട്രീയ- സാമൂഹ്യ സംസ്കൃതിയുടെ ഭാഗമായിരുന്നു. ഇന്നത്തെ കടകള്‍ക്ക് കോലായകളില്ല. കടക്ക് മുന്നില്‍ ഇരിക്കാനോ നില്ക്കാനോ പാടില്ല. {കിടന്നാലത്തെ കാര്യം ഓര്‍ക്കുമ്പോള്‍ റാണിയും നായകനും ഒരുപോലെ സംഭീതരാവുന്നുമുണ്ട്. } വേണ്ടത്ര പാര്‍ക്കിങ്ങ് ഏരിയകള്‍ പോലുമില്ല. ഈ ആഗോളീകരണത്തിന്റേയും കച്ചവടവത്ക്കരണത്തിന്റേയും ആധുനികകാലത്ത് നമ്മുടെ പഴയ പീടികകള്‍ അടച്ചുപൂട്ടപ്പെടുകയും പുതിയ 'കടകള്‍' ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. ഇനി ഈ 'കടകള്‍ ' മാളുകളായി പരിണമിച്ചുകൊണ്ടുമിരിക്കുന്നു എന്നതും ഇതോടൊപ്പം അറിയണം.
മാനവികതയുടെ ഘടകങ്ങളാണ്` കഥാകാരന്‍ നമുക്ക് മുന്നില്‍ ചര്‍ച്ചക്കായി വെക്കുന്നത്. കടകളില്‍ നിന്നും കടകളിലേക്ക് വാശിയോടെ നടന്നുകയറുന്ന നാം നമുക്കൊപ്പം നില്ക്കുന്ന 'റാണി' മാരെ പരിഗണിക്കുന്നേ ഇല്ല. 'റാണി' എന്നത് ഒരു പേരല്ല; ഒരു സ്ഥാന സൂചനയാണ്` എന്നും.രാജാവിന്റെ സ്ത്രീ ഭാഗം. ഇവിടെ ഇല്ലായ്മകളുടെയും അനാഥത്വത്തിന്റേയും സഹായാഭ്യര്‍ഥനയുടേയും പേരാണ്` 'റാണി' . വിപരീതാര്‍ത്തത്തിലാണ്`.[ അല്ലെന്കിലും ഇക്കാലത്ത് നമ്മുടെ മിക്ക പേരുകളും വിപരീതങ്ങളാണെന്നത് മറ്റൊരു കാര്യം. ] കടകളില്‍ നിന്നും കടകളിലേക്കുള്ള ഓട്ടത്തില്‍ നമ്മില്‍ നിന്ന് പലതും നഷ്ടപ്പെടുന്നതും ; പലതും നമ്മുടെ കൂടെ കൂടുന്നതും നാം അറിയുന്നില്ല. എന്കിലും മാനവസമൂഹത്തിന്റെ നിലനില്പ്പ് ഇനിയും നഷ്ടപ്പെടാത്ത ചില മൂല്യങ്ങളില്‍ [വിടാതെ / മൃദുവായി / നിസ്സഹയമായി / എന്നെന്നോ എവിടെന്നെന്നോ അറിയാതെ /പിന്തുടര്‍ന്നുകൊണ്ടിരിക്കുന്ന] ഊന്നിനിന്നുകൊണ്ടാണെന്നും കഥാകാരന്‍ ആദ്യവരിയില്‍ തന്നെ രേഖപ്പെടുത്തുകയാണ്`.
ഈ രേഖപ്പെടുത്തല്‍ കഥയിലുടനീളം തുടരുന്നുണ്ട്. യാഥാര്‍ഥ്യങ്ങള്‍ മനുഷ്യമനസ്സില്‍ നിന്ന് ഏതവസ്ഥയിലും അമ്പേ തുടച്ചുമാറ്റപ്പെടുന്നില്ല. 'എയര്‍കണ്ടീഷന്‍ ചെയ്ത കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ചൂടുകാറ്റ് മുഖത്തേക്കടിച്ചു' എന്ന വാക്യം ഈ കഥയാണ്` എഴുതുന്നത്. റാണി യെ കുറിച്ചുള്ള ചിന്തകള്‍ മനസ്സില്‍ മെല്ലെ കയറിക്കൂടുന്നതോടെ 'കടയിലെ ചൂട് സഹിക്കാനാവാതെ അയാള്‍ പുറത്തിറങ്ങി നില്‍ക്കുന്നുമുണ്ട്. ഏതു എയര്‍കണ്ടീഷനിലും അണയാത്ത മാനവികതയുടെ ചൂടാണിത്. യാഥാര്‍ഥ്യത്തിന്റെ ചൂട്. കുട്ടിയോട് സംഭാഷണം തുടങ്ങുന്ന രണ്ടു സന്ദര്‍ഭങ്ങളില്‍ ആദ്യം 'നിന്റെ ' എന്നാണ്` [എന്താ നിന്റെ പേര്`?]. ചൂടിന്റെ യാഥാര്‍ഥ്യം അനുഭവിക്കുന്നതോടെ പിന്നീട് 'മോള്‍' എന്നാക്കി സംബോധന [മോള്‍ ഇനി പൊയ്ക്കോ, എന്തിനാണ്` ഞങ്ങളുടെ പിന്നാലെ വരുന്നത്? ] 'നിന്റെ' എന്ന ബന്ധ/ സ്നേഹ രഹിതമായ വിളി 'മോള്‍' എന്നായി മാറിയതില്‍ ഉണ്ടായ മാറ്റം ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത മാനവികതയുടെ കുളിര്‍മതന്നെയാണ്`.
ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കുന്ന ചെറുസംഭവങ്ങള്‍ കൊണ്ട് മനുഷ്യമനസ്സിനെ മാറ്റാനൊന്നും കഴിയില്ല. എന്നോ എങ്ങനെയോ എന്നറിയാതെ മാറിപ്പോയ മനസ്സാണ്` ഇന്നത്തെ മനുഷ്യന്റെ. അതുകൊണ്ടുതന്നെ അത്രമാത്രം അപമാനവീകരിക്കപ്പെട്ടും പോയിരിക്കും. എന്നിട്ടും ഈ മാറ്റം , ഇതു സംഭവിച്ചത് ഈ ഒന്നു രണ്ടു മണിക്കൂര്‍ കൊണ്ടല്ല; സ്ഥായിയായി നാമൊക്കെ ഇപ്പോഴും 'മനുഷ്യര്‍' തന്നെയാണെന്ന പ്രത്യാശാഭരിതമായ സാമൂഹ്യാവസ്ഥതന്നെയാണ്. മനസ്സിലേല്‍ക്കുന്ന ചെറിയ മുറിവുകള്‍ അതിന്` നിമിത്തമാവാം . പണ്ട് സാഹിത്യകാരന്‍മാരെ കുറിച്ച് 'മുറിവുണക്കുന്നവര്‍' എന്നാണ്` ആലംകാരികമായി പറയുക. ഇന്ന് നമ്മുടെയൊക്കെ മനസ്സില്‍ ചെറിയ മുറിവുകള്‍ കീറലാണ്` കഥാ / കലാകാരന്റെ സര്‍ഗാത്മകതയും കടമയും. മുറിക്കുന്നത് വാക്കു / വാക്യം കൊണ്ട് . [*മഴു കൊണ്ട് മുറിച്ചാല്‍ വീണ്ടും അമപൊട്ടും / വാക്കുകൊണ്ട് മുറിച്ചാല്‍ പിന്നൊരിക്കലും ആ മുറിവ് കൂടില്ല എന്ന് ഭാഷാപിതാവ് പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. ] മുറിവായിലൂടെ വിഷം പുറമേക്ക് വഹിപ്പിക്കുന്ന വിഷഹാരികളാകുന്നു ഇന്ന് നമ്മുടെ എഴുത്തുകാര്‍ .

  • അടവി മഴുകൊണ്ടു വെട്ടിയാലകച്ചീടും
കഠിനവാചാ വെട്ടിമുറിച്ചാലകച്ചീടാ (മഹാഭാരതം കിളിപ്പാട്ട്)