26 July 2009
മുണ്ടിന്റെ നാനാവതാരങ്ങൾ
ജനയുഗം ദിനപത്രത്തിൽ ഉടൻ പ്രസിദ്ധീകരിക്കുന്നത്
മുണ്ട് –ഒരു വിവിധോദ്ദേശ സാമഗ്രി.
മുണ്ട്-സ്ഥനമാന സൂചിക
കേരളീയന്റെ ഉടയാട പണ്ടും ഇന്നും മുണ്ടാണ്.പണ്ട് സ്ത്രീക്കും പുരുഷനും മുണ്ടാണ് ഉടുക്കാൻ. കോറ (ജഗന്നാഥൻ എന്നാണ് പറയുക), മല്ല് (മിൽത്തുണി) എന്നിവയാണ് തുണി.പുരുഷന്മാർ വലിയ മുണ്ടും ചെറിയമുണ്ടും ഉപയോഗിക്കും. കടകളിൽ നിന്നു വലിയതുണിച്ചുരുളുകളിൽ നിന്നു അളന്ന് മുറിച്ചെടുക്കും.വലിയമുണ്ട് നാലരമുഴം നീളം മൂന്നുമുഴം വീതി-അതാണളവ്.വലിയ ആളുകൾ വലിയ മുണ്ടും ചെറിയ ആളുകൾ ചെറിയ മുണ്ടും ചുറ്റും. വലിയ ആളുകൾ എന്നാൽ പ്രമാണിമാർ. ചെറിയ ആളുകൾ എന്നാൽ സാധരണക്കാർ. പണിയെടുക്കുന്നവരും പാവങ്ങളും വലിയ തോർത്തുമുണ്ട് ഉടുക്കും.പുരുഷന്മാർക്കും സ്ത്രീകൾക്കും സ്ഥാനചിൻഹം മുണ്ടുതന്നെ.
മുണ്ടു പുരുഷന്മാർ കുടവയറിന്നു മീതെ കയറ്റി അയച്ച്ഉടുക്കും.ഇടയ്ക്കിടക്ക് അഴിച്ചുടുക്കും.വലിയ ‘മടി‘ , ‘കുത്തി‘ ന്ന് ‘കുടുമ’ എന്നിങ്ങനെയാണുടുക്കുക.നീലം പിഴിഞ്ഞു കഞ്ഞിപ്പശയിട്ട് ബലംവെച്ചിരിക്കും മുണ്ടുകൾ. നടക്കുമ്പോൾ ‘പടപട’ എന്ന് ശബ്ദിക്കും.മുണ്ടിന്ന് ‘കര’ പാടില്ല. ‘വക്ക്’, ‘തിരിതെരച്ചു‘ അടിച്ചിരിക്കും.വക്കടിക്കാത്ത മുണ്ട് മ്ലേഛം.മുണ്ടിന്റെ ഇടത്തെ ‘കോന്തല‘ ഒരൽപ്പം പൊക്കിപ്പിടിക്കും. ഇതൊക്കെ സ്ഥാനികൾക്കുള്ള വേഷം.സ്ത്രീകൾക്കും ഇതുതന്നെ രീതി. സ്ത്രീകൾ ഇടത്തെ ‘കോന്തല’ എടുത്തു അരയിൽ കുത്തും.
സാധാരണക്കാരൻ പൊക്കിൾ കാണിച്ചു താഴ്ത്തിയുടുക്കണം. കോടി നിറത്തിലുള്ള ജഗന്നാഥൻ മുണ്ടാണ് മിക്കവരും ഉടുക്കുക. അപൂർവം ചിലർ ‘മല്ല്’ വാങ്ങും.നീലം മുക്ക്കലും കഞ്ഞിപിഴിയലും ഇല്ല.സാധാരാണകുടുംബങ്ങളിലെ സ്ത്രീകളും ഇങ്ങനെയാണുടുക്കുക.എന്നാൽ സ്ത്രീകളുടെ വസ്ത്രത്തിന്ന് ‘കര’ ആവാം.ഒരീർക്കിൽക്കര.
മുണ്ട്- ഒരു ഭാവരൂപം
സാത്വികന്മാരായ ആളുകൾ മുണ്ട് ഞെരിയാണിവരെ താഴ്ത്തി ഉടുക്കും. രാജസസ്വഭാവക്കാർമുണ്ടുടുത്താൽ നിലത്തിഴയും.നിലത്തിഴഞ്ഞു ചെളിപിടിക്കാതിരിക്കാൻ കോന്തല കയ്യിൽ പൊക്കിപ്പിടിക്കും.ഇടത്തെ കാലിന്റെ തുടവരെ പ്രദർശിപ്പിക്കും.താമസഭാവക്കാർ മുട്ടുവരെ ഉയർത്തി മടക്കിക്കുത്തും.സ്ത്രീകൾ‘ഞാത്തി ‘(താഴ്ത്തി)യുടുക്കും.
സന്യാസിമാർ, ഭിക്ഷക്കാർ തുടങ്ങിയവർ വലിയമുണ്ട് വയറിന്നു മീതേ ഏങ്കോണിച്ച് കയറ്റി കഴുത്തിന്നു പിന്നിൽ കെട്ടിയിടും.ചിലർ വയറിന്നു മീതേ മുലക്കണ്ണ് മൂടുന്നമട്ടിൽ ഉടുക്കും.ഒരിക്കലും മടക്കിക്കുത്തില്ല.
ധിക്കാരികൾ, വഷളന്മാർ, താന്തോന്നികൾ മുണ്ട് മടക്കിക്കുത്തി ‘ചന്തി’ ഒരൽപ്പം പുറത്തു കാണിക്കും. ജോലിയെടുക്കാൻ തയ്യാറാകുമ്പോൾ മുണ്ട് മടക്കിക്കുത്തി മുറുക്കും.ജോലി തീർന്നാൽ താഴ്ത്തിയിടും.
വിനയവാന്മാർ മുണ്ട് മടക്കിക്കുത്തിയത് താഴ്ത്തിയിടും. (മാഷന്മാരെ കണ്ടാൽ കുട്ടികൾ ഇതിപ്പൊഴും ചെയ്യും!)വലിയ ആളുകളുടെ മുന്നിൽ നിൽക്കുമ്പോൾ മുണ്ട് ചുരുട്ടിയുടുത്ത് മുങ്കാലുകൾക്കിടയിൽ തിരുകിവെക്കും.കാലുകൾ പിണച്ചുവെക്കും.
പൂജാദികർമ്മങ്ങൾ ചെയ്യുമ്പോൾ മുണ്ട് ‘തറ്റു‘ടുക്കും.ഇവരുടെ മുണ്ട് പലപ്പോഴും ചുകന്ന പട്ട് ആയിരിക്കും. പടയ്ക്കിറങ്ങുമ്പോൾ ‘താറ് ‘വലിച്ചുമുറുക്കും.വീരാളിപ്പട്ടു മുറുക്കിയുടുക്കും.കഥകളിപോലുള്ള കലാപ്രവർത്തനത്തിന്ന് ‘കച്ച’ വലിച്ചുമുറുക്കിയുടുക്കും.
പൂജാദികർമ്മങ്ങളിലും പടയ്ക്കിറങ്ങുമ്പോഴും സ്ത്രീകൾ താറുടുക്കും.അരമുറുക്കും.പണിക്കിറങ്ങുന്ന സ്ത്രീകൾ മുണ്ട് കയറ്റിക്കുത്തും. മുട്ടുവരെ ഉയർത്തിഉടുക്കും.രണ്ടുകോന്തലകളും വിലങ്ങനെ കയറ്റി അരയിൽ കുത്തിയാണ് ഇതു ചെയ്യുന്നത്.
വഷളന്മാർ, ദൂരെനിന്നു പ്രതികാരം ചെയ്യാൻ , അപമാനിക്കാൻ മുണ്ടുപൊക്കി ക്കാണിക്കും.മുണ്ടുപൊക്കി ചിലപ്പോൾ ചന്തിയും ചിലപ്പൊൾ ഉപസ്ഥവും കാണിക്കും.രണ്ടും അപമാനകരം. അടി ഉറപ്പ്.
മരണം മുതലായ ദു:ഖാവസരങ്ങളിൽ മുണ്ട് തലയിൽ അലക്ഷ്യമായിടും.മൃതദേഹത്തിൽ കോടിമുണ്ട് പുതപ്പിക്കും. പ്ലാവ് കോടികായ്ച്ചാൽ പുത്തൻ മുണ്ട് ഉടുപ്പിക്കും.
മുണ്ട് കഥകൾ-ചിലത്
1.
തിരുമേനി തൃശ്ശൂർ പൂരം കാണാൻ പുറപ്പെട്ടു. അലക്കിയമുണ്ടും തോർത്തും (മേൽമുണ്ട്) ആണ് വേഷം. ഇത്ര ദൂരേക്ക് യാത്ര വേണ്ടതുകൊണ്ട് വേഷം കേമമാക്കാൻ തീരുമാനിച്ചിരുന്നു. അല്ലെങ്കിൽ സ്ഥിരം വേഷം ഒരു തോർത്തു മാത്രം ഉടുക്കുന്നതാണ്. പൂരത്തിന്ന് പോകുമ്പോൾ അതുപോരല്ലോ.
പക്ഷെ, വലിയമുണ്ട് ഉടുത്തില്ല. പൊതിഞ്ഞു കയ്യിൽ വെച്ചു. അത്യാവശ്യം വരുമ്പൊൾ ഉടുക്കാമല്ലോ.അത്യാവശ്യം വരുമ്പോൾ കയ്യിലില്ലെങ്കിൽ അതു കുറച്ചിലല്ലേ.
എന്നാലോ..പൂരമൊക്കെ കണ്ട് തിരിച്ചു വരുമ്പോഴും ഈ പൊതി കയ്യിലുണ്ട്.
എന്താ പൊതി? വേണ്ടപ്പെട്ടവർ ചോദിച്ചു.
വല്യേമുണ്ടാ..പൂരത്തിനുപോകുമ്പോൾ കയ്യിൽ വെച്ചതാ. അത്യാവശ്യം വന്നാൽ ഉടുക്കാൻ. വേണ്ടി വന്നില്ല.
2.
അസ്സൽ പട്ടുവസ്ത്രം ധരിച്ചെത്തിയ തമ്പുരാട്ടിയോട് കൂട്ടുകാരികൾ ചോദിച്ചു. ഇന്നെന്താ പട്ടുടുത്തേ..എന്താ വിശേഷം?(മച്ചിലെ ഭഗവതിക്ക് ചാർത്താനുള്ളതാണല്ലോ പട്ട്.)
തമ്പുരാട്ടി: ഒരു വിശേഷവും ഉണ്ടായിട്ടല്ല. ഉടുക്കാൻ സാധാരണള്ളതൊക്കെ കീറിയും മുഷിഞ്ഞും കിടക്കുന്നു. ഒന്നുമില്ലെങ്കിൽ പട്ടുടുക്കതന്നെയെന്നു തീരുമാനിചു.
3.
തിരുമേനി കോപത്തിലാണ്.സുകൃതക്ഷയം..സുകൃതക്ഷയം.. എന്താ? ലോകം ആകെ നശിക്കാൻ പോകുന്നു. സംബ്രദായങ്ങളൊക്കെ മാറുന്നു. നീതിയും നിയമവും ഒക്കെ പോയി…കഷ്ടം..കഷ്ടം..
എന്താ?
കുട്ടികളുടെ കാര്യമാണ്..തലതെറിച്ചവർ…
എന്താ?
ന്നാള്…അവരൊക്കെ കൂടി മുണ്ട്ചിറ്റുന്നു.
അതിനെന്താ?
ഹും..മുണ്ട് ചിറ്റുന്നതിനല്ല. കരയുള്ളതാ ചിറ്റണത്.
അയ്യയ്യോ…..
പക്ഷെ അറയടച്ചാ ചെയ്യുന്നത്…അത്രേം ഭാഗ്യം.ഇങ്ങനെ പോയാൽ ഇനി ഇവർ മീശേം വെക്കില്ലെ?സുകൃതക്ഷയം..
(കരയുള്ള മുണ്ടും കള്ളിമുണ്ടും ഒരുകാലത്ത് ഒരശ്ലീലവസ്തുവായിരുന്നു.)
മുണ്ട്- വൈവിധ്യമുള്ള ഒരുപകരണം
മുണ്ട് നാണം മറയ്ക്കാനുള്ള ഒരുപകരണം മാത്രമല്ല. തെറ്റുകൾ മറയ്ക്കാനും ആളുകൾ ‘തലയിൽ മുണ്ടിട്ടു ‘നടക്കും.അവിഹിതമായ സ്ഥലത്ത് പ്രവേശിക്കുമ്പോൾ ചിലർ തലയിൽ മുണ്ടിടും. ആളെ തിരിച്ചറിയാതിരിക്കാൻ മുഖം മൂടാൻ മുണ്ട് വേണം. തിരിച്ചറിയാൻ സ്ഥാനവസ്ത്രമായി മുണ്ട് വേണം. മുണ്ട് വിരിച്ചു കിടക്കും.മുണ്ട്കൊണ്ട് പുതയ്ക്കും. മുണ്ടിലിരിക്കും.മറകെട്ടും (തിരശ്ശീല).മുണ്ട് താഴ്ത്തിയിട്ട് ബഹുമാനം കാണിക്കും. മുണ്ടുപൊക്കിക്കാണിച്ചു അപമാനിക്കും. മുണ്ടുകൊണ്ട് അഹങ്കാരവും സ്ഥാനമഹിമയും കാണിക്കാം. സാമ്പത്തികനില പ്രകടിപ്പിക്കാം.പിശുക്കും ധൂർത്തും പ്രകടിപ്പിക്കാം. സന്തോഷവും ദു:ഖവും കാണിക്കാം. പൂജാവസരത്തിലും വിവാഹാവസരത്തിലും മരണത്തിലും മുണ്ട് വ്യത്യസ്ത രൂപഭാവങ്ങളിലാണ്. മുണ്ടിന്റെ നിറം പോലും സൂചകങ്ങളാണ്. കറുത്തമുണ്ടും, കാവിമുണ്ടും, കസവ്മുണ്ടും, കള്ളിമുണ്ടും ഒന്നും ഒരേ അർഥമല്ല. അലക്കിയമുണ്ടും ചെളിപിടിച്ചമുണ്ടും കറയായമുണ്ടും ഒക്കെ ഭിന്നാർഥങ്ങൾ നൽകുന്നു. കാമാഗ്നി കാവിവസ്ത്രം കൊണ്ടുപോലും അധികകാലം മൂടിവെക്കാനാവുന്നില്ലഎന്നു വി.സി.ചൂണ്ടിക്കാണിക്കുന്നു. (ഒരു വിലാപം) കുചേലന്റെ പേരുപോലും മുണ്ട് അടിസ്ഥാനമാക്കിയല്ലേ?നമ്മുടെ പേരുകൾ നോക്കൂ: പീതാംബരൻ, നീലാംബരൻ,കനകാംബരൻ തുടങ്ങിയവ മുണ്ട് സൂചിപ്പിക്കുന്നവയാണല്ലോ.
മുണ്ട് ഒരു സമ്മാനവസ്തുവാണ്. പ്രമാണിമാർ, മഹാരാജാക്കന്മാർ തുടങ്ങിയവർ കേമന്മാർക്ക് മുണ്ടാണ് സമ്മാനമായി നൽകുക. സാധാരണമുണ്ടും കസവ്മുണ്ടും സമ്മാനമായി നൽകും. വിവാഹത്തിന്റെ പ്രധാനചടങ്ങുകളിലൊന്നു വസ്ത്രദാനമാണ്. വധുവിനു ഓണപ്പുടവ നൽകും.ഭർത്താവിന്റെ പ്രധാനചുമതല ഉടുക്കാൻ വാങ്ങിക്കൊടുക്കലാണ്. പുത്തൻ വസ്ത്രങ്ങൾ വിശേഷാവസരങ്ങളിലൊക്കെ വേണം.പിറന്നാൾ, കല്യാണം തുടങ്ങിയവക്ക് വസ്ത്രദാനം നിർബന്ധമാണു. തീണ്ടാരികുളിച്ചാൽ ‘മാറ്റ്’ വേണം. ഇതിനു അലക്കിയ വസ്ത്രം വേണം.ഭഗവതിക്ക് ‘തിരുവുടയാട’ അലക്കിയ മുണ്ടാണ്.
മുണ്ട് ഒരു സഞ്ചിയായി ഉപയോഗപ്പെടുത്തും. പീടികയിൽ നിന്നു സാധനങ്ങൾ വാങ്ങി മുണ്ടിൽ പൊതിഞ്ഞുകെട്ടും. ഉടുത്തമുണ്ടിന്റെ ‘മടി’ ഭദ്രമായ പേഴ്സ് തന്നെ.നെല്ല്, അരി, ചോറും കറിയും എല്ലാം മുണ്ടിൽ പൊതിഞ്ഞുകെട്ടും.കാഴ്ച്ചദ്രവ്യങ്ങൾ (കുചേലന്റെ അവിൽ) മുണ്ടിൽ പൊതിഞ്ഞുകൊണ്ടുപോകും.
മുണ്ട് ഒരു മറയായി ഉപയോഗപ്പെടുത്തും. വെയിലിൽ നിന്നു രക്ഷക്ക് മുണ്ട് തലയിലിടും. തലയിൽ കെട്ടും.ഭാരം ഏറ്റാൻ മുണ്ട് തെരികയായി വെക്കും.തെങ്ങ്കയറാൻ മുണ്ട് തളാപ്പ് ആണ്.തിരശ്ശീലയായി മുണ്ട് കെട്ടും. മീൻപിടിക്കാൻ മുണ്ട് വലയാണ്.മുഖം മൂടി മുണ്ടാണ്.തേങ്ങാപ്പാൽ, എണ്ണ എന്നിവ അരിക്കാൻ അരിപ്പ മുണ്ടാണ്.കാളന്ന് കോടിമുണ്ട് വേണം.കുട്ടികളെ കിടത്താൻ ‘തൂക്ക്’ മുണ്ട് തന്നെ.തുടയ്ക്കാനും വൃത്തിയാക്കാനും പഴയ മുണ്ട്. ജനക്കൂട്ടത്തിൽ വെച്ചു ഒരാളുടെ മുണ്ടുരിഞ്ഞോടാം. അയാളെ അപമാനിക്കാം. വസ്ത്രാക്ഷേപം തന്നെ.തെറ്റുചെയ്തവരെ ഇന്നും റോഡിലൂടെ മുണ്ടുരിഞ്ഞു നടത്താം.പ്രതിഷേധം അറിയിക്കാൻ മുണ്ടഴിച്ച് നഗ്നനായി ഓടാം. ഒരുനിവർത്തിയുമില്ലെങ്കിൽ ഉടുത്തമുണ്ടഴിച്ചു മരക്കൊമ്പിൽകെട്ടി തൂങ്ങിച്ചാവാം.ശത്രുവിനെ മുണ്ടിട്ടുകുടുക്കി അടിക്കാം(ആടുതോമാമാതൃക). മുണ്ട് പഴകിയാൽ തേപ്പാക്കി നിലം തുടയ്ക്കാം. ചെറിയതായി കീറി തിരച്ച് വിളക്കിൽ തിരിയിടാം. കീറി കോണകം ഉടുക്കാം. ഇഡ്ഡലിശ്ശീല ഉണ്ടാക്കാം. ഭരണിക്ക്/കുടത്തിന്ന് വായ്ക്കെട്ടാം, കൊണ്ടാട്ടങ്ങൾ പൊതിഞ്ഞു അട്ടത്ത് കെട്ടിത്തൂക്കാം.കമ്പിൽ ചുറ്റിക്കെട്ടി എണ്ണ നനച്ച് പന്തം കത്തിക്കാം.മുറിവ് വെച്ചുകെട്ടാം.മുണ്ട് ഒരിക്കലും കത്തിക്കരുത്.കരിഞ്ഞമണം അശുഭം. മുണ്ട് നീളത്തിലേ കീറാവൂ. വിലങ്ങനെ കീറുന്നത് ശവസംസ്കാരത്തിന്നു മാത്രം.തലമാറ്റി ഉടുക്കരുത്. പുത്തൻ മുണ്ട് നല്ലദിവസം നോക്കിയേ വാങ്ങാവൂ, ഉടുക്കാൻ തുടങ്ങാവൂ. ഒരാൾ ഉടുത്തത് അലക്കാതെ മറ്റൊരാൾക്ക് കൊടുക്കരുത്. അതിഥികൾ വന്നാൽ ഉടുക്കാൻ (ഉടുത്തത് മാറ്റൻ )കൊടുക്കണം.മുണ്ട് മടക്കിക്കുത്തിയിരുന്നു ഊണുകഴിക്കരുത്.തോളിൽ മുണ്ടിട്ടിരുന്നുണ്ണരുത്.
പലതരം മുണ്ടുകളുണ്ട്. ഒറ്റമുണ്ട്, ഡബ്ബിൾ, ഇണമുണ്ട്,വലിയമുണ്ട്, ചെറിയമുണ്ട്,കള്ളിമുണ്ട്,കാച്ചി,തട്ടം,തോർത്ത്,പാവുമുണ്ട്, കസവ്മുണ്ട്, പുളിയിലക്കര,കോടിമുണ്ട്, അലക്കിയമുണ്ട്, തിരുവുടയാട, മാറ്റുമുണ്ട്, തറ്റ്,താറ്,കച്ചമുണ്ട്,വേഷ്ടിമുണ്ട്,നേരിയത്,കാവി,കറുപ്പ്, ചട്ട എന്നിങ്ങനെ. മുണ്ടിന്റെ കാര്യം നല്ലൊരുഗവേഷണത്തിന്ന് വകയുണ്ട് എന്നു തോന്നുന്നില്ലേ.
18 July 2009
മാറുന്ന കഥ
പണ്ട്,എസ്.ടി.റെഡ്യാർ
അച്ചടിച്ചു വിറ്റ
അതേ രമായണം (മുത്തശ്ശിയിൽ നിന്നു കിട്ടിയത്)
കർക്കിടകത്തിൽ പലകയിട്ട് വിളക്കുവെച്ചു
കിഴക്കോട്ട് തിരിഞ്ഞ്
ഭഗവാനെ ധ്യാനിച്ച്
ഹനൂമാനുകൂടി കേൾക്കാനായി ഉറക്കെ…
മുട്ടാതെ വയിക്കുന്നു.
ആദ്യന്തം.
പക്ഷെ,
കഴിഞ്ഞകൊല്ലം വായിച്ച കഥ
ഇക്കൊല്ലം കാണാനില്ല!
(കഴിഞ്ഞകൊല്ലം വായിച്ചപ്പോൾ
മുത്തശ്ശി അന്നേ പറഞ്ഞിരുന്നു.
കുട്ട്യേ, ഇതു കഥ മാറീലോ)
ഇക്കൊല്ലം അതുമല്ല കഥ!
ഇതെന്തു ഭഗവാനേ
എന്നു മനമുരുകി
ഗ്രന്ഥം കണ്ണിൽ തൊട്ട്
മടക്കി വെച്ചു
മുഖമുയർത്തി.
അപ്പോൾ മകൾ പറഞ്ഞു:
അമ്മയുടെ മുടി ഒക്കെ നരച്ചു.നോക്കൂ.
Subscribe to:
Posts (Atom)