25 May 2011

ആഹാരത്തിന്റെ ഉള്ളടക്കങ്ങൾ

(Published in Mathsblog on 26-05-11)

(പുതുക്കിയ മലയാളം പാഠപുസ്തകത്തിൽ -ക്ലാസ് 10 ‘മുരിഞ്ഞപ്പേരീം ചോറുംഎന്ന ഒരു പാഠം പഠിപ്പിക്കാനുണ്ട്: പാഠം വായിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ കുറിക്കുന്നു. )

ഉപദംശപദേ തിഷ്ഠൻ
പുരാ യം ശിഗ്രുപല്ലവ:
ഇദാനീ മോദനസ്യാപി
ധുരമുദ്വോഢുമീഹതേ.

യം ശിഗ്രുപല്ലവ പുരാ ഉപദംശപദേ തിഷ്ഠൻ ! ഇദാനീം ഓദനസ്യാ ധുരം ഉദ്വോഢും അപി ഈഹതേ!
യം=യാതൊരു
ശിഗ്രുപല്ലവ:= മുരിങ്ങയില
പുരാ= പണ്ട്
ഉപദംശപദേ= ഉപദംശത്തിന്റെ (തൊട്ടുകൂട്ടാനുള്ളത്)സ്ഥാനത്ത്
തിഷ്ഠൻ= ഇരുന്നു (ന്നിരുന്നു)
ഇദാനീം= ഇപ്പോൾ
ഓദനസ്യാ= ചോറിന്റെ (മേൽ)
ധുരം= നുകം (വെച്ച്)
ഉദ്വോഢും= കയറുന്നു (കയറാൻ)
അപി ഈഹതേ= പരിശ്രമിക്കുന്നു(?)

സന്ദർഭം-കഥ:

പുരുഷാർഥക്കൂത്തിൽ രാജസേവഎന്ന ആദ്യഭാഗത്ത് ബ്രാഹ്മണൻ രാജസേവകനായി യുധീഷ്ഠിരമഹാരജാവിനെ സേവിക്കാൻ പുറപ്പെട്ട് ,കൊട്ടാരത്തിലെത്തുന്നു. യുധീഷ്ഠിരമഹാരാജാവ് ബ്രാഹ്മണനെ സത്ക്കരിച്ചിരുത്തി കുശലം ചോദിക്കുന്നു. സന്ദർശനോദ്ദേശ്യം ആരായുന്നു. സരസമായ സംഭാഷണത്തിന്നിടക്ക് ബ്രാഹ്മണൻ ഇല്ലത്തെ അല്ലറചില്ലറ പ്രശ്നങ്ങൾ മഹാരാജാവിനോട് പറയുന്നു:
വീട്ടിൽ അകത്ത് നടക്കുന്ന ഗൃഹഛിദ്രം വിവരിക്കുകയാണ്. വഴക്ക് മുരിഞ്ഞപ്പേരീം ചോറും തമ്മിലാണ്!
എന്ത്? വഴക്കോ?
അതേന്ന്, അതിന്റെ കഥ ഞാനങ്ങയോട് പറയാം
പണ്ട് മുതുമുത്തശ്ശന്റെ കാലം മുതൽക്കുതന്നെ മുരിഞ്ഞ ഒരു പ്രധാന ഭക്ഷണസാധനായിട്ടാണ് ഇല്ലത്ത് കണക്കാക്കാറ്. മറ്റെന്തു വിഭവങ്ങളുണ്ടെങ്കിലും ശരി, കുറച്ചു മുരിഞ്ഞപ്പേരി കൂടി ണ്ടാവും. അതബദ്ധായീന്ന് ഇപ്പോ തോന്നുണുണ്ട്. മുരിഞ്ഞപ്പേരിക്ക് കുറച്ചഹംഭാവം വന്നു. തന്നോട് കുറച്ചധികം കാണിക്ക്ണ്ണ്ട്ന്ന് തോന്നീട്ടായിരിക്കണം. എന്തിനു പറയുണു, മുത്തശ്ശന്റെ കാലായപ്പഴേക്കും അതു കുറേശ്ശെ അക്രമം പ്രവർത്തിച്ചു തുടങ്ങി.എനതാന്നല്ലേ, കയ്യേറ്റം. കുറേശ്ശെയായിട്ടാണ് തുടങ്ങിയതെങ്കിലും , കയ്യേറി കയ്യേറി ഓരോ വിഭവങ്ങളടെ സ്ഥനം പോവാനാരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പളയ്ക്കും ഒരു വിഭവോല്യാ, ഒക്കെ മുരിഞ്ഞപ്പേര്യെള്ളൂ ന്ന മട്ടായി. അഛന്റെ
കാലായപ്പളയ്ക്കും ചോറിന്റെ നേരേകൂടി തുടങ്ങി ആക്രമണം. ക്രമേണ, ചോറിന്റെ സ്ഥാനംകൂടി മുരിഞ്ഞപ്പേരിക്കാണ്ന്ന നിലയിലായി. അതു തുടർന്ന് തുടർന്ന് എന്റെ കാലമെത്തിയപ്പോൾ, മുഴുവൻ സ്ഥാനവും മുരിഞ്ഞപ്പേരികൊണ്ടോയമട്ടായിത്തീർന്നു.
………………….
ഇപ്പൊളത്തെ സ്ഥിത്യെന്താച്ചാൽ ചോറിന്റേയും വിഭവങ്ങളുടേയും ഒക്കെ സ്ഥാനത്ത് മുരിഞ്ഞപ്പേര്യാ. വല്ലപ്പോഴും ചിലപ്പോൾ കുറച്ചു ചോറ് കണ്ടെങ്കിലായി. അതന്നെ ഒരു പ്രാധാന്യോല്യാതെ. പണ്ട് മുരിഞ്ഞപ്പേരിക്ക്ണ്ടായിരുന്ന സ്ഥാനം പോലും ഇന്ന് ചോറിനില്ല.[ തുടർന്ന് മേൽ ശ്ലോകം]
(പുരുഷാർഥക്കൂത്ത്: രാജസേവ- വി.ആർ.കൃഷ്ണചന്ദ്രൻ / കേരളസാഹിത്യാക്കാദമി: 1978)



പുരുഷാർഥക്കൂത്ത്


വിശ്വപ്രസിദ്ധമായ കൂടിയാട്ടം, കേരളത്തിന്റെ നാടകപാരമ്പര്യത്തിനൊപ്പിച്ച് സംസ്കൃതനാടകങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. ഭാസൻ, കാളിദാസൻ എന്നിവരുടെ നാടകങ്ങളായിരുന്നു ആദ്യകാലത്ത് അരങ്ങേറിയിരുന്നത്. ഈ കാലത്തുണ്ടായ ആദ്യ കേരളീയ നാടകമാണ് ശക്തിഭദ്രന്റെആശ്ചര്യചൂഡാമണി’. പിന്നീട് കുലശേഖരവർമ്മയുടെതപതീസംവരണവുംസുഭദ്രാധനഞ്ജയവുംഉണ്ടായി. ഇതൊക്കെയും പൂർണ്ണമായും രംഗാവതരണത്തിന്ന് വേണ്ടിയുള്ളവയായിരുന്നു.
(Photo from Wikipedia-Padmasree Mani Madhavachakyar presenting viduushakakkooth)കുലശേഖരവർമ്മയുടെ സദസ്സിലെ പണ്ഡിത-വിദൂഷകനായിരുന്നു തോലൻ. കൂടിയാട്ടത്തിൽ തോലൻ ചെയ്ത പരിശ്രമം പ്രധാനമാണ്. പണ്ഡിതസദസ്സിന്നുവേണ്ടി കുലശേഖരകവി കൂടിയാട്ടത്തെ പാകപ്പെടുത്തിയപ്പോൾ സാധാരണക്കാർക്കുകൂടി ആസ്വദിക്കാൻ പാകത്തിൽ തോലനെക്കൊണ്ട് അതിൽ ചില പരിഷ്കാരങ്ങൾ വരുത്താനും മുതിർന്നുനാടകത്തിലെ നായകനൊപ്പം സ്ഥാനം വിദൂഷകനും ഉണ്ടായത് അങ്ങനെയാണ്.വിദൂഷകൻ പ്രാകൃതവും ഭാഷയും പറയുന്ന ഹാസ്യവേഷമാണ്.  നാല് പുരുഷാർഥങ്ങൾക്കുള്ള ഹാസ്യാനുകരണമെന്നനിലയിൽ പരിഹാസസമ്പന്നമായ ഒരു പുതിയഘടകം കൂടിയാട്ടത്തിൽ കൂട്ടിച്ചേർത്തു. അതാണ് പുരുഷാർഥക്കൂത്ത്. വിദൂഷകൻ തന്റെ പൂർവകഥ പറയുന്ന മട്ടിലാണ് ഇതിന്റെ നിർവഹണം.വിദൂഷകന്റെ നിർവഹണത്തിന്ന് സാധാരണ നാലുദിവസം എടുക്കും.
പുരുഷാർഥങ്ങൾ ധർമ്മം, അർഥം, കാമം, മോക്ഷം എന്നിവയാണല്ലോ.ധർമ്മാർഥകാമങ്ങളിലൂടെ മോക്ഷത്തിലെത്തുക എന്നതാണ് മനുഷ്യപ്രയത്നം. എന്നാൽ പുരുഷാർഥക്കൂത്തിൽ പുരുഷാർഥങ്ങൾ ഇങ്ങനെയല്ല. അശനം, വിനോദം വഞ്ചനം, രാജസേവ എന്നിവയാണ് പുരുഷാർഥങ്ങൾ. ഇതു സൂചിപ്പിക്കുന്നത്
·         ഹാസ്യരസത്തിന്നുള്ള സ്ഥാനം
·         സമൂഹ്യവിമർശനത്തിന്നുള്ള  സ്ഥാനം
·         സമകാലിക മൂല്യബോധത്തെ വിമർശിക്കുന്ന ഉള്ളടക്കം
മനുഷ്യജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാകുന്നു. പൌരാണികകാലം മുതൽ നിലനിൽക്കുന്ന ധർമ്മബോധമാണിത്. ഈ പുരുഷാർഥങ്ങൾ സാധിക്കാൻ വർണ്ണാശ്രമങ്ങളും സങ്കൽപ്പിക്കുന്നു. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വർണ്ണങ്ങളും ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, സന്യാസം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങളും വേദേദിഹാസങ്ങളിലൂടെയും ശ്രുതിസ്മൃതികളിലൂടെയും മറ്റും പണ്ടേ തീരുമാനിച്ചുറപ്പിച്ചവയാണ്.കാലാന്തരത്തിൽ ഈ മൂല്യങ്ങളൊക്കെയും ച്യുതിപ്പെടുകയും പകരം മൂല്യങ്ങളായി അശനം, വിനോദം, വഞ്ചനം,രാജസേവ എന്നിവ സ്ഥാപിക്കപ്പെടുകയും ചെയ്തു. ഈയൊരു വിമർശനമാണു ചാക്യാർ കൂത്തിലൂടെ സാധിക്കുന്നത്.
..ഈശ്വരപ്രീതി തന്ന്യാണ് നന്മക്ക് നിദാനം. അതിന് സത്ക്കർമ്മങ്ങൾ ചെയ്യാണ് വേണ്ടത്. ധർമ്മാർഥകാമമോക്ഷങ്ങൾ സാധിക്കലാണ് സത്ക്കർമ്മങ്ങളുടെ ഉദ്ദേശം.അത് വേണ്ടവിധം സാധിക്കാൻ പറ്റുന്ന പരിതസ്ഥിതികളൊന്നും ഇന്നില്യ. എന്നാൽ ഇന്നത്തെപ്പോലെ ഒരുതരത്തിലുള്ള സത്ക്കർമ്മങ്ങളും ചെയ്യാൻ പറ്റാത്തൊരുകാലംവരുമെന്ന് മഹാബുദ്ധിമാന്മാരായ പണ്ടത്തെ തനിക്ക്താൻപോന്ന പരിഷകളിൽ ചിലർക്കറിയാമായിരുന്നു. അതുകാരണം അവരെന്തുചെയ്തൂന്നല്ലേ, ധർമ്മാർഥകാമമോക്ഷങ്ങൾക്ക് നാലുപ്രതിനിധികളെ നിശ്ചയിച്ചു. അശനം, രാജസേവ, വേശ്യാവിനോദം, വേശ്യാവഞ്ചനം. ഇവ സാധിച്ചാൽ മതീന്നൊന്നും അർഥല്യാട്ടോ. യഥാർഥപുരുഷാർഥങ്ങൾ നേടാൻ ഒരു മാർഗ്ഗവുമില്ലെങ്കിൽ , പ്രതിനിധികളെയെങ്കിലും സാധിക്യാ. അവ നമ്മെ സംബന്ധിച്ചേതായാലും ക്ഷ രസായിട്ടുള്ളതാണലോ. ആ പരിഷകൾതന്നെ അതിനൊരു ക്രമവും നിശ്ചയിച്ചിട്ടുണ്ട്. വിനോദം, വഞ്ചനം, അശനം, രാജസേവ എന്നാണ് ആ ക്രമം. ..”
(പുരുഷാർഥക്കൂത്ത്: രാജസേവ- വി.ആർ.കൃഷ്ണചന്ദ്രൻ / കേരളസാഹിത്യാക്കാദമി: 1978)

ശിഗ്രുപല്ലവം


ഓദനവും ശിഗ്രുപല്ലവവും തമ്മിലുള്ള വഴക്കും അതിൽ ശിഗ്രുപല്ലവത്തിന്റെ വിജയവും ആണ് പ്രതിപാദ്യം.മുതുമുത്തശ്ശന്റെ കാലം തൊട്ട് തലമുറകളായി നീണ്ടുകിടക്കുന്ന വഴക്ക്. ഓദനം= വെള്ളം വാർന്ന അന്നം. അതായത് ചോറ് . ശിഗ്രുപല്ലവം= മുരിങ്ങയില. ശരിക്കും മുരിങ്ങയില ശിഗ്രുപത്രം ആണ്. പല്ലവം തളിരാണ്. തളിർമുരിങ്ങയില. ചോറിന്ന് ഉപദംശം ആണ് മുരിങ്ങയിലകൊണ്ടുള്ള ഉപ്പേരി. ഉപദംശം= തൊട്ടുകൂട്ടാനുള്ളത് എന്നാനർഥം. ഇവിടെ ഉപ്പേരി എന്ന അർഥത്തിൽ പ്രയോഗിച്ചിരിക്കയാണ്. മുരിങ്ങയിലച്ചമ്മന്തി  പതിവില്ലല്ലോ. ചോറ്, കറികൾ (ചതുർവിധവിഭവങ്ങൾ ബ്രാഹ്മണന്ന് അറിയാം), അതിന്റെ കൂടെ ഉപ്പേരി / മെഴുക്കുപുരട്ടി / തോരൻ / . മറ്റു വിഭവങ്ങൾ. ഇതായിരുന്നു പതിവ്. പിന്നെ പിന്നെ ഇല്ലത്ത് ദാരിദ്ര്യം വർദ്ധിക്കുകയും മറ്റുവിഭവങ്ങൾക്കുകൂടി മുരിഞ്ഞയില പകരക്കാരനാവുകയും ചെയ്തു. ഇപ്പോൾ ചോറിന്റെ സ്ഥാനത്ത്കൂടി മുരിഞ്ഞപ്പേരി ആയി.
ബ്രാഹ്മണൻ പറയുന്നതുകേട്ടാൽ മുഞ്ഞപ്പേരി ചോറിനെ കയറി ആക്രമിച്ച് ഇല്ലാതാക്കി എന്നല്ലേ തോന്നുക.ദാരിദ്ര്യം കാരണം ചോറിന്ന് വകയില്ലാതവുകയും എന്നാൽ പശിയടക്കാൻ മുരിഞ്ഞ സഹായിക്കുകയും ആണല്ലോ ഉണ്ടായത്. ബ്രാഹ്മണന്റെ ദാരിദ്ര്യം സാമൂഹ്യമായ കാരണങ്ങൾകൊണ്ടും കുറച്ചൊക്കെ സ്വന്തം വികൃതികൾകൊണ്ടും ഉണ്ടായതാണല്ലോ. അതുമാത്രമല്ല ഏതൊരു സമൂഹത്തിലും ഏതൊരുകാലത്തും ഭക്ഷണത്തിന്ന് ദാരിദ്ര്യം ഉണ്ടാവുമ്പോൾ പാരമ്പര്യഭക്ഷണങ്ങൾ (അരി/ ചോറ്) പിൻവാങ്ങുകയും പകരം ഇലക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയ പാരമ്പര്യേതര വിഭവങ്ങൾ സ്ഥനം പിടിക്കുകയും ചെയ്യും. അതു ശരിക്കാലോചിച്ചാൽ ജീവികളുടെ അതിജീവനതന്ത്രമാകുന്നു. കേരളത്തിൽമക്രോണിയും ഗോതമ്പും, മൈദയും ഒക്കെ ഇങ്ങനെ കയറിവന്നതാണ്. മൂത്തകരിമ്പന മരപ്പണിക്കായി എവിടെയെങ്കിലും മുറിക്കുന്നുവെന്നു കേട്ടാൽ അവിടെ കാവൽനിന്ന്  ഉള്ളിലെചോറ്കുത്തിച്ചോർത്തെടുത്ത് ഉണക്കിപ്പൊടിച്ച് ഉപ്പും  കൂട്ടി വേവിച്ച് കഴിച്ചുകൂട്ടിയ പട്ടിണിക്കാലം ഇന്നത്തെ വൃദ്ധതലമുറക്ക് ഓർമ്മയിലുണ്ട്.
കേരളത്തിൽ നമ്പൂതിരിസമുദായത്തിൽ ഉണ്ടായ ഒരധ:പ്പതനകാലഘട്ടം ചരിത്രത്തിലുണ്ട്. ധർമ്മക്ഷയത്തിന്റെ ഒരുകാലഘട്ടം.
നാരായണൻ തന്റെ പദാരവിന്ദം
നാരീജത്തിന്റെ മുഖാരവിന്ദം
ഇതിങ്കലേതെങ്കിലു മൊന്നുവേണം
മനുഷ്യജന്മം .സഫലമാവാൻ എന്നർഥം വരുന്ന ഒരു ചൊല്ലുണ്ടായിരുന്നു. ഇതിൽ ബഹുഭൂരിപക്ഷവുംനാരീജനത്തിന്റെ മുഖാരവിന്ദം ഭജിച്ചവരായിരുന്നു. അത് എളുപ്പവും കുറേകൂടി ആസ്വാദ്യകരവുമായിരുന്നല്ലോ. നമ്മുടെ അച്ചീചരിതങ്ങളും സന്ദേശകാവ്യങ്ങളും എല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളായിരുന്നു. കൂത്ത്, കൂടിയാട്ടം എന്നിവയുടേയും കാലഘട്ടം ഇവിടെയാണ്. “ബ്രാഹ്മണരുടെ ധർമ്മം സദ്യയൂണും , അർഥം രാജസേവയും, കാമ വേശ്യാപ്രാപ്തിയും, മോക്ഷം വേശ്യാ വഞ്ചനവുമാണെന്ന് “  വിദൂഷകൻ പരിഹസിക്കുകയാണ്. നമ്പൂരിഫലിതങ്ങളിൽ ഇതിന്റെയൊക്കെ മാറ്റൊലി നിറയെ ഉണ്ട്. ഈ കാലഘട്ടത്തിന്റെ സ്വാഭാവികഫലമായിരുന്നു ദാരിദ്ര്യം. പിന്നീട് ഈ ദാരിദ്ര്യം ശക്തിപ്പെട്ടത് ജന്മിത്തം അവസാനിപ്പിച്ച നിയമനിർമ്മാണത്തിന്റെ കാലത്താണ്. അവിടെയും ദാരിദ്ര്യത്തോടൊപ്പം ധർമ്മച്യുതിയും  ചർച്ചക്ക് വന്നു. പക്ഷെ, അത് കുടിയാന്റെ അനുസരണയില്ലയ്മയും അഹംകാരവും പിടിച്ചുപറിയും പാട്ടം കൊടുക്കാതിരിക്കലും കുടിയിറങ്ങാൻ തയ്യാറാവാതിരിക്കലും ഒക്കെയായിരുന്നു. തന്റെജന്മിത്തമല്ല കുടിയാന്റെകുടിയായ്മയാണ് കുഴപ്പം എന്നായിരുന്നു ചർച്ച. ചാക്യാർകൂത്തിൽ സമകാലിക സംഭവങ്ങളെ മുൻനിർത്തിയുള്ള അതി ശക്തമായ വിമർശനം അനുവദനീയമാണ്. രാജാധികാരത്തെപ്പോലും വിമർശിച്ച ചാക്യാന്മാരുണ്ട്. ഈ സന്ദർഭത്തിൽകയ്യേറ്റക്കാരെകുറിച്ചുള്ള പരാമർശം ഭൂമിഒഴിയാൻ വിസമ്മതിക്കുന്ന കുടിയാന്മാരേയും അതിന്ന് നിയമം നിർമ്മിച്ച ഭരണാധികാരികളേയും മുൻനിർത്തിയാണ്. ഇപ്പോൾ അതു മുന്നാറിലേക്കും അതിവേഗപാതകളിലേക്കും നീളും
യാഥാർഥ്യം മനസ്സിലാക്കുന്നതിലെ പ്രശ്നം ഏറ്റവും കൂടുതൽ ബധിച്ചത് ഈ സമൂഹത്തെയാണ്. പാരമ്പര്യങ്ങളിൽ ഉറച്ചുനിന്ന സമൂഹം. ചോറില്ലാതായപ്പോൾ അന്നം നൽകിയ മുരിഞ്ഞ കുറ്റക്കാരനാവുന്ന വ്യാഖ്യാനം. ‘പത്തായം പെറും, ചക്കികുത്തും, അമ്മവെക്കുംഎന്ന സ്വപ്നം തകർന്നപ്പോൾ കുറ്റം പത്തായത്തിനും ചക്കിക്കും അമ്മക്കും കൊടുത്ത് വീണ്ടും യാഥാർഥ്യത്തിലേക്ക് എത്താനുള്ള മടി. സ്വയം തീർത്ത അവസ്ഥകൾ. (കാര്യങ്ങൾ മുൻകൂട്ടിക്കണ്ട്  ആധുനികസമൂഹത്തോടൊപ്പം നീങ്ങിയ നമ്പൂരികുടുംബങ്ങൾക്കിന്നും വലിയകുഴപ്പമൊന്നും ഇല്ല എന്നും ഇതോടൊപ്പം കാണാം)

ഉപദംശപദേ

ചതുർവിധ വിഭവങ്ങളുമായാണ് (http://bit.ly/lZUctn )നമ്പൂരിസ്സദ്യ. സമ്പൂർണ്ണ സസ്യാഹാരം. അതിൽ ഉപദംശസ്ഥാനമാണ് ഇലക്കറികൾക്ക് ഉണ്ടായിരുന്നത്. ചോറും പായസവും മുഖ്യം. ഇതിൽ തന്നെ ഏറ്റവും പ്രമുഖസ്ഥാനം പായസത്തിന്ന്. ആധുനിക വൈദ്യശാസ്ത്രപ്രകാരം പച്ചക്കറികൾക്കുള്ള സ്ഥാനം നമുക്കറിയാം. ഉപദംശം പ്രധാനഭക്ഷണമായിത്തീർന്ന കഥ ഈ മട്ടിലും ആധുനികലോകം മനസ്സിലാക്കും. ദാരിദ്ര്യസൂചനയേക്കാളധികം ആരോഗ്യബോധത്തിന്റെ സൂചനയാണിതിൽ ആധുനിക സമൂഹം കാണുക. കൂത്ത് സമകാലികാവസ്ഥകളുമായി അത്യധികം സംവദിക്കുന്ന ഒരു കലാരൂപം കൂടിയാകുമ്പോൾ ഈ വ്യാഖ്യാനം തള്ളാനാവില്ല. ആധുനിക യുധീഷ്ഠിരന്ന് ഇതു ബോധ്യപ്പെടാൻ പ്രയാസം വരില്ല.
ഇങ്ങനെ മനസ്സിലാക്കുന്നതിന്ന് വിരോധമില്ലെന്ന് തോന്നിപ്പിക്കുന്നതാണ് ‘ഉപദംശപദേ’ എന്ന പ്രയോഗം. ഉപദംശം= തൊട്ടുകൂട്ടാനുള്ള (സംസ്കൃത മലയാളം നിഖണ്ഡു DCB)താണല്ലോ.  ഉപ്പിലിട്ടത്, അച്ചാർ എന്നിവയാണിത്. ഭക്ഷണവിഭവങ്ങളിൽ മുരിഞ്ഞ അങ്ങനെയല്ല. സംസ്കൃതം പോലെ കണിശമായി ഉപയോഗിക്കുന്ന കാവ്യഭാഷ ഇങ്ങനെ അയഞ്ഞമട്ടിൽ ഒരിക്കലും പ്രയോഗിക്കില്ല. മാത്രമല്ല, ‘തിഷ്ഠൻ’= ഇരുന്നിരുന്നു എന്നാണ്. മിക്കപ്പോഴും ഉപ്പിലിട്ടതും അച്ചാറും ‘ഇരിക്കലേ‘ ഉള്ളൂ. ‘കഴിക്കൽ‘ കുറവാ‍ണ്. സദ്യയിൽ രണ്ടാംവട്ടം വേണ്ടവർക്ക്മാത്രമേ ഉപദംശം വിളമ്പാറുള്ളൂ. ഈയൊരവസ്ഥ മാറി ചോറും പായസവും പേരിന്ന് മാത്രവും ഇലക്കറികളും മറ്റും ഭക്ഷണത്തിൽ പ്രഥമസ്ഥാനത്തുവന്നതുമായ ജനങ്ങളുടെ ആരോഗ്യസംബന്ധമായ ശീലത്തെ പരിഹസിക്കകൂടിയാണ് ചാക്യാർ എന്നും കരുതാം.
കൂടിയാട്ടത്തിലും കൂത്തിലും ഭാഷാപരമായ സാധ്യതകൾ ഏറ്റവും  കൂടുതൽ പ്രയോജനപ്പെടുത്താറുണ്ട്. ഓരോ പദവും അതിന്റെ റൂട്ട് വരെ ചെന്ന് വ്യാഖ്യാനിക്കാൻ പണ്ഡിതന്മാരായ ചാക്യാന്മാർ ശ്രമിക്കും. ഒരേപദം പലവട്ടം ആവർത്തിച്ച് നാനാർഥങ്ങൾ/ ധ്വനികൾ / നാട്ടുനടപ്പ് എന്നിവ വ്യാഖ്യാനിച്ച് അർഥം പറയും. അത് ഈ കലാരൂപത്തിന്റെ ഭാഷാപരമായ മികവാണ്. സദസ്സിലെ നേരിയ ചലനം പോലും ഈ വ്യാഖ്യാനങ്ങളുടെ സ്പഷ്ടീകരണത്തിന്ന് പ്രയോജനപ്പെടുത്താനും അവർക്ക് കഴിയും.അനേകവർഷങ്ങളിലെ സംസ്കൃതപഠനവും ആർഷജ്ഞാനവും പ്രയോഗപരിചയവും ഇവർക്കിതിന്ന് ബലം നൽകുന്നു.

ധുരമുദ്വോഢും
ധുരം=നുകം. നുകം വെച്ച് കയറാൻ ശ്രമിക്കുന്നു. മുരിഞ്ഞപ്പേരി ചോറിനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ് പറയുന്നത്. മറ്റെല്ലാ വിഭവങ്ങളേയും ആക്രമിച്ച് കീഴടക്കി / സ്ഥാനം കളഞ്ഞ് / ഇപ്പോൾ അവസാനം ചോറിന്റെ പുറത്തും കയറി കീഴടക്കാൻ തുടങ്ങിയിരിക്കുന്നു എന്നാണ് പരാതി. ചൊറ് മുഴുവനും തോറ്റിട്ടില്ല. പക്ഷെ , പഴയസ്ഥാനം ഒന്നും ഇല്ല. സമ്പൂർണ്ണമായി തോൽക്കാൻ ഇനി അധികകാലം ഒന്നും വേണ്ടിവരില്ല.
നുകം വെച്ച് കയറുക എന്ന പ്രയോഗം നോക്കൂ. കന്നുകളെ മെരുക്കാൻ ‘നുകം’ വെച്ച് ശീലിപ്പിക്കും. ഇതു കാർഷികമായ ഒരു പ്രയോഗവിദ്യയാണ്. ഇണങ്ങാത്ത / മെരുങ്ങാത്ത മൂരി, പോത്ത് എന്നിവയെ കൃഷിപ്പണിക്കും മറ്റും ഇണക്കുന്ന പാഠം. മെരുങ്ങിയഒന്നിനേയും മെരുക്കിയെടുക്കേന്റ ഒന്നിനേയും ചേർത്ത് നുകം വെക്കും. കുറച്ചു ദിവസം ഈ പാഠം ചെയ്യുന്നതിലൂടെ നന്നായി മെരുങ്ങുകയും തോളിൽ തഴമ്പ് വീഴുകയും ജോലിചെയ്യാൻ പഠിക്കുകയും ചെയ്യും. ഇത് നുകം വെച്ച് കയറൽ അല്ല. നുകം കയറ്റൽ ആണ്. ജോലിചെയ്യാൻ പഠിപ്പിക്കലാണ്. അക്രമിക്കലല്ല, തൊഴിൽചെയ്യാൻ പ്രേരിപ്പിക്കലാണ്. ആനയെ മെരുക്കുന്നതുപോലെ ഭയപ്പെടുത്തിയും മർദ്ദിച്ചും അല്ല കന്നിനെ മെരുക്കുക. സ്നേഹിച്ചും അനുനയിപ്പിച്ചും ആണ്. കാർഷികവൃത്തിയുടെ മൂല്യബോധമാണത്.
മാറുന്ന സാമൂഹ്യപരിസ്ഥിതികളിൽ അത് തിരിച്ചറിയുകയും അന്നത്തെ പുരുഷാർഥങ്ങൾ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കയും വേണം. തൊഴിലെടുത്ത് / ഉൽ‌പ്പാദനപ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ദാരിദ്ര്യത്തിന്റെ കാഠിന്യം കുറയ്ക്കണം. ഭരണാധികാരിയോട് പരാതിപ്പെടുന്നതോടൊപ്പം സ്വന്തം കടമകൂടി നിറവേറ്റണം.ചോറ് സ്വയം കണ്ടെത്താനും അതിന്റെ സ്ഥാനവും സ്വദും തിരിച്ചറിയാനും സന്നദ്ധനാവണം. ജോലിചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതിന്ന് പകരം അക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു എന്ന തോന്നൽ ഇല്ലാതാവണം. ആധുനികസദസ്സിൽ ഈ വ്യാ‍ഖ്യാനം തന്നെയാണ് അഭികാമ്യം.

1 comment:

സുജനിക said...

ചോറില്ലാതായപ്പോള്‍ അന്നം നല്‍കിയ മുരിഞ്ഞ കുറ്റക്കാരനാവുന്ന വ്യാഖ്യാനം. ‘പത്തായം പെറും, ചക്കികുത്തും, അമ്മവെക്കും’ എന്ന സ്വപ്നം തകര്‍ന്നപ്പോള്‍ കുറ്റം പത്തായത്തിനും ചക്കിക്കും അമ്മക്കും കൊടുത്ത് വീണ്ടും യാഥാര്‍ഥ്യത്തിലേക്ക് എത്താനുള്ള മടി. സ്വയം തീര്‍ത്ത അവസ്ഥകള്‍.