അര്‍ദ്ധാക്ഷരങ്ങള്‍


Poems Collection
സുജനിക

അര്‍ദ്ധാക്ഷരങ്ങള്‍
പ്രണയം
0
'വേണ്ടപ്പെട്ടവരെ ഏല്പ്പിക്കാന്‍
വാക്കിന്റെ കാതലില്‍
കവിതയുടെ കുരിശ് '

editing
----------------
എഴുത്ത്
എന്നാല്‍
തിരുത്ത്.
തിരുത്താതെയുള്ള
എഴുത്ത്
കൊഴുകൊഴുത്തല്ലോ
കിടപ്പൂ കവിതയായ് !

എഡിറ്റിങ്ങ്
...........................
ഒരു കവിത ഒരിക്കൽ മാത്രം
എഴുതിപ്പോകുന്നതാണ്`.
സ്‌‌ഖലിതബീജം പോലെ
എഴുതിക്കഴിഞ്ഞുള്ള എഡിറ്റിങ്ങ്
പുനർ ഭോഗം പോലെ
മറ്റൊരുകവിത എഴുതുന്നൂ
എന്നേയുള്ളൂ. !
അതൊരിക്കലും ആദ്യ സുരതത്തെ
സ്പുടം ചെയ്യുന്നില്ല. !

0
പുസ്തകങ്ങളും
അക്ഷരങ്ങളും ഒക്കെ
പ്രാർഥനയിലാണ്`.
പുതിയ വായനകൾക്കും
പുതിയ പദാവലികൾക്കും
നിറഞ്ഞ അർഥഭാവങ്ങൾക്കും
വേണ്ടിയുള്ള പ്രാർഥന .
നീയാണ്` അനുഗ്രഹിക്കേണ്ടത്
നീയാണല്ലോ വായനക്കാരി
നീയാണല്ലോ എഴുതുന്നതും !

ഉറക്കം
......................
ഞാൻ എന്നെ കിടക്കയായ്
വിരിക്കുന്നു
നീ ഉറക്കമായ്
ശയിക്കുന്നു.

സമീപസ്ഥം
.........................
വേണ്ടപ്പെട്ടവന്‍ / വള്‍
ഒന്നും ചെയ്യേണ്ട
വെറുതെ
വെറുതെ
സമീപസ്ഥമെന്നറിഞ്ഞാല്‍ മതി
പൂക്കള്‍ വിടരും

വെറുക്കപ്പെട്ടവന്‍ / വള്‍
ഒന്നും ചെയ്യേണ്ട
വെറുതെ
വെറുതെ
സമീപസ്ഥമെന്നറിഞ്ഞാല്‍ മതി
തീകത്തും .

അടയാളങ്ങള്‍
...........................
തട്ടിമുട്ടി പ്പൊളിഞ്ഞൊരു നഖം
കാല്‍ത്തണ്ടക്കുതാഴെ ഒരു മുറിക്കല
കാല്‍മുട്ടിലെ ചെരകിപ്പൊട്ടിയ ചോരപ്പാട്
തുടകളിലെ ചിരങ്ങുമുദ്രകള്‍
അടിവയറ്റിലെ അമ്മവരകള്‍
വാരിപ്പുറത്തെ ചുണങ്ങ്
ജഘനത്തിലെ കറുത്ത കല
മുതുകിലെ / കഴുത്തിന്നു താഴെ
ഭാഗ്യമുദ്രയായ കാക്കപ്പുള്ളി
കഴുത്തിലെ മറുക്
ചുണ്ടിലെ കറുപ്പുരാശി
കണ്‍തടങ്ങളിലെ പാട്
നെറ്റിയിലെ തീപ്പൊള്ളക്കല....

ഇവതാനല്ലോ നിത്യ
സൗന്ദര്യമുദ്രകള്‍ .....

ഞാന്‍ കണ്ടതാണ്`
....................................
ഇന്നലെ
എന്റെ ശബ്ദതാരാവലിയില്‍ നിന്ന്
'ജാരന്‍ ' എന്ന പദം
ഏടുകള്‍ തുളച്ച്
മിണ്ടാതെ ഇറങ്ങി
പടികടന്ന് റോഡുവിലങ്ങി
പൂച്ചനടത്തവുമായി

പടികയറുന്നത്.
അവളോ
തന്റെ ശബ്ദസാഗരത്തിലേക്ക്
പുതിയ പദങ്ങളെ
ആവേശപൂര്‍വം കയറ്റാന്‍
പടിക്കല്ത്തന്നെ
ഒരുങ്ങിനില്‍ക്കുന്നത്....

ഓടുന്നുന്നോടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ആക്കയിലീക്കയ്യിലോ
മാണിക്യച്ചെമ്പഴുക്ക !
അടുക്കളയിലോടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
മകനെയൊരുക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
കെട്യോനെ കാക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
മുടികോതിക്കെട്ടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
സ്കൂള്‍ക്ക് ഓടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ക്ളാസില്‍ വലയുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
വീട്ടിലേക്കെത്തുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ഓട്ടമെഴുതുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ചുറ്റിലും കാണുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ഒച്ച പെരുക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
വിങ്ങിപ്പൊരിയുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
കുട്ട്യേ ഉറക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
കൂടെക്കിടക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
കെട്യോനുറക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
സ്വപ്നത്തില്‍ ഞെട്ടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ഉറക്കത്തില്‍ ചിരിക്കുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
വാരിപ്പുണരുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !
ഓടുന്നുന്നോടുന്നുണ്ടേ
മാണിക്യച്ചെമ്പഴുക്ക !

0
രാമ: + കഥ = രാമകഥ
ദീര്‍ഘിക്കില്ല
രാമായണം
ദീര്‍ഘിക്കുന്നു
ആദ്യത്തേത് ഭൂതകാലം
പിന്നെയത് വര്‍ത്തമാനവും കടന്ന്
ഭാവിയിലേക്ക്
അയനപ്പെടുന്നു.

0
വല്ലി പടർന്നുകയറുമ്പോൾ
വേരുകൾ അടിയിൽ
ഞെരുങ്ങുന്നു....

0
സ്തുതി
സമാപിക്കുന്നത്‌
അപേക്ഷയിൽ
പ്രാര്‍ഥനയില്‍

0
നിലാവെളിച്ചത്തിൽ
എഴുതാനാവില്ല
വായിക്കാനാവില്ല
എന്നാൽ നിലാവിന്റെ
എഴുത്തു
വായിക്കാം

0
പ്രകാശിപ്പിക്കുന്നതേക്കാൾ
പ്രകാശിക്കുകയാണു
വാക്ക്

0
രാപ്പകലുകളുടെ
സീ -സോ

0
എഴുതിത്തെളിയൽ
വായിച്ച്‌ കലങ്ങൽ

0
ഒരു കാല്പ്പെരുമാറ്റം കാണാം
എഫ്.ബിയില്‍ ലൈക്കായ്
പോസ്റ്റായ്
0
വലിയ എഴുത്തുകാർ
എഴുതിയെഴുതി
ചെറുതാവുന്നു
0
വെയില്‍ വള്ളികള്‍
തളര്‍ന്ന്
തലകുത്തി
വീണ സന്ധ്യ

0
പകലുരുകിയ പൂക്കള്‍
രാത്രിയുടെ തണുപ്പില്‍
ഒട്ടിച്ചേര്‍ന്ന് മലരുന്നു

0
ഒന്നുമില്ലെങ്കിലും
ഒന്നിലൊന്നുണ്ടല്ലൊ

0
ഇല്ലല്ലെല്ലുനാവിൽ
എല്ലിൽ നാവുമെങ്കിലോ
വാക്കിന്റെല്ലു നാക്കിൽ
ആ നാക്കിൽ വാക്കും

0
പക്ഷിക്കൂട്ടിൽ
വെയിൽ മുട്ടകൾ
വിരിയിക്കുന്ന
കണിക്കൊന്ന

0
സൂര്യനിലേക്ക്‌
പൂത്തുകയറുന്ന
പൂവാക

0
കുഞ്ഞിക്കിളി
ഒരു തൂവല്‍ പൊഴിച്ച്
കാറ്റിന്റെ പുസ്തകത്തില്‍
ആത്മകഥ എഴുതുന്നു
എഴുത്തു കഴിഞ്ഞ്
തൂവലുപേക്ഷിച്ച്
കാറ്റും കിളിയും
ഒരു ചുഴിപ്പെടുത്ത്
ആകാശത്തേക്ക്
പറന്നുയരുന്നു


വില
.................
നമുക്ക് വിശ്വസിക്കാനാവില്ല
പൊട്ടിപ്പൊളിഞ്ഞ തകരപ്പാത്രങ്ങള്‍ക്ക്
കീറിപ്പോയ പുതപ്പുകള്‍ക്ക്
നരച്ച ആകാശങ്ങള്‍ക്ക് .......
ഇത്രവിലയുണ്ടെന്ന്
ഇത്ര വേണ്ടിയുണ്ടെന്ന്
ഇത്ര ലാവണ്യമുണ്ടെന്ന് ....
അതെ
അതറിയണമെങ്കില്‍
പ്രണയിക്കാന്‍ തുടങ്ങണം
അമ്മുവിനെ .

നക്ഷത്രങ്ങള്‍ ഉണ്ടാവുന്നത്
......................
നമ്മള്‍
പക്ഷികളെ കൂട്ടിലിട്ടു വളര്‍ത്തുന്നു
നക്ഷത്രങ്ങള്‍
പ്രണയിനികളെയണ്` കൂട്ടിലിട്ടു
വളര്‍ത്തുന്നത്
അവ പിന്നെ
നക്ഷത്രങ്ങള്‍ക്കൊപ്പം
കൂട്ടുകൂടി
നക്ഷത്രങ്ങളാവുന്നു.

പുഴ കടക്കുമ്പോള്‍
................................................
നിലതെറ്റുന്ന ഒഴുക്കാണ്
കാല്‍ച്ചുവട്ടില്‍
[പക്ഷെ, അതറിഞ്ഞത്
നദികടന്നതില്‍പ്പിന്നെ ! ]
**
നദിയായിരുന്നല്ലോ
നിന്നെ മുറിച്ചുകടന്നത് !
എപ്പോഴും മുറിച്ചു കടക്കുന്നത് !

പ്രണയവൃത്തം
..........
ലജ്ജാവിവശയായി
കാല്‍വിരല്‍കൊണ്ട്
പൂഴിയില്‍ വരച്ച വൃത്തം
ആദ്യം ഭൂമിയെ
പിന്നെ ആകാശത്തെ
സൂര്യചന്ദ്രന്മാരെ
കടലരികിനെ
കാലത്തെ
സ്വപ്നങ്ങളെ
കൃഷ്ണമണികളെ
ഹൃദയത്തെ ....
എല്ലാം
സരൂപമാക്കുകയായിരുന്നു

ശരിക്കും
..........................
നീ ഉറക്കം
ഞാന്‍ കിടയ്ക്ക

0
അമ്മിഞ്ഞ ഞെരിയും മട്ടിൽ നിന്നെക്കെട്ടിപ്പിടിപ്പു ഞാന്‍
കിനിയും വെൺ മുലപ്പലാൽ നനവൂ നിന്റെ കഞ്ചുകം
നനഞ്ഞ മാറിടത്തിൽ ഞാൻ മുഖമാഴ്തിയിരിക്കവെ
കൊതിപ്പിക്കുന്നുകൈക്കുഞ്ഞായ്‌ കവിതേ , സർഗ്ഗഭാവന!
ആർദ്രമായ്‌ രമ്യമായ്‌ പൊങ്ങും കാവ്യാലാപന സൗഭഗം
നിഞ്ചുണ്ടിൽ ഉമ്മവെക്കുമ്പോൾ ഉറപൊട്ടുകയല്ലയോ !
വിപിനം ഭ്രാന്തമാകാശം സമുദ്രം പൂക്കടമ്പുകൾ
നിന്റെ കൈവിരലിൻ തുമ്പിൽ തൊട്ടു മന്ദ മുണർന്നിടും
വാക്സമേത രതോൽഭൂത സുസ്പഷ്ടാക്ഷര സഞ്ചയം
പിറക്കുന്നു നെഞ്ചിനുള്ളിൽ അമ്മിഞ്ഞപ്പാലിനൊപ്പമായ്‌

0
മോതിരവിരലിന്മേൽ ഭദ്രേ
നീ ദംശിച്ചിറങ്ങവേ
കളകൂടാംഗുലീയത്താൽ
നീലകണ്ഠോപമം വിരൽ
നീലിച്ച വിരലാലിന്നു
തൊടുന്നു വിഷകന്യകേ
.
തിരയുന്നു വിഷം നിന്നിൽ
എവിടെ ഗുപ്തമെന്നുനാൻ
സ്തന നാഭീ രതസ്ഥന
ജഘനോരുക്കളിൽ സ്വയം
കാൽ വണ്ണകളിലൊ മന്ദം
ഞെരിയും ഞെരിയാണിയോ
പാദങ്ങൾ അടിവെപ്പിന്റെ
സുപ്തസ്വര ലയങ്ങളോ
.
അറിയാമെന്ന നാട്യത്തിൽ
മ ന്ദൻ ഞാൻ തുടരുന്നുവോ
അറിയാതാകുമോ എന്നിൽ
ഊറിക്കൂടുന്ന ലാവയെ

0
മൂന്നു കാലടിവെപ്പില്‍
വിശ്വം മുഴുവനും അളന്ന വാമനനില്‍
അത്ഭുതമേതുമില്ല!
ഒരല്പ്പ വാങ്മയത്തില്‍
നീയെന്നെ
ആസകലം അളന്നെടുത്തില്ലേ !

0
നിന്റെ കാല്‍പെരുവിരലില്‍
തിരിയുന്ന ഭൂമി ഞാന്‍
നീയാകാശവും.


0
"നീ ഒറ്റക്ക് വരൂ "എന്നു പറഞ്ഞിട്ട്
വാക്ക്, നോക്ക്, കേക്ക്, ത്വക്ക്, നക്ക്
എന്നിങ്ങനെ ആള്‍ക്കൂട്ടമായാണൊ വരവ്?

0
കാമിനിയെ എവിടെ ഉമ്മവെക്കണം?
സംശയമെന്ത്?
ആര്‍ദ്രതയാര്‍ന്ന ചുണ്ടില്‍ !
ഒരു കവയിത്രിയെ
എവിടെ ഉമ്മവെക്കണം ?
സംശയമെന്ത്?
ഊഷരമായ ചുണ്ടില്‍ നിന്നു
പൊടിയുന്ന വാക്കില്‍ !
വാക്കുകള്‍ ഉറഞ്ഞുകൂടുന്ന
ഗാലക്സിയില്‍ !

കുട്ടി
-----------
ഉമ്മവെക്കുന്ന
കെട്ടിപ്പിടിക്കുന്ന
വാശിപിടിക്കുന്ന
ആശ്വസിപ്പിക്കുന്ന
നമ്മള്‍
കുട്ടികള്‍
പ്രണയപര്യന്തം !

കടം
-------------
മുജ്ജന്മത്തില്‍
നടന്ന പ്രണയകലഹങ്ങളുടെ
കടം വീടുന്നത്
ഇപ്പോള്‍ നിന്നെ
ചുടുചുംബനങ്ങളില്‍
ഒതുക്കുമ്പോള്‍ !!

ദശാവതാരം
-------------------
പുലരിമഴ പെയ്യുന്നു നിന്നില്‍
പ്രണയമായ് , നറും കാവ്യമായ്
ഓലോലമൊഴുകി ക്കിടക്കുന്നു
ജലശയ്യമേല്‍ മത്സ്യമായ് !

നിഹിത രാഗത്തോടെ
അഞ്ചിന്ദ്രിയങ്ങളും
കവചിതമെങ്കിലും
തോരാമഴയില്‍ നീ
നീട്ടുന്നു കൂര്‍മ്മമായ് പുസ്തകം !

തോരുന്ന മഴയില്‍ നീ ,
മഴയാഴങ്ങളില്‍ പോയൊളിച്ച പാവം
വാങ്മയങ്ങളെ തേറ്റയാല്‍
കുത്തിയുയര്‍ത്തുന്നു പന്നിയായ് !

മഴതോര്‍ന്ന ഇടവഴിയിലെവിടെയോ വെച്ചു നീ
സ്വര്‍ണ്ണാക്ഷരങ്ങളെ നെടുകെപ്പിളര്‍ന്നതില്‍
കവിതപാനം ചെയ്യു , മാനവസിംഹമായ് !

മഴമാറി വെയിലായ മാത്രയില്‍
ബലിചെയ്ത സ്വര്‍ഗവും വാക്കുമളക്കുന്നു
വാമന, പ്രണയപാരിടം മൂവ്വടിക്കവിതയില്‍ !

നട്ടുച്ചവെക്കാന വേളയില്‍
മിടുക്കിന്റെ വേളിയജ്ഞങ്ങളെ
വാക്ക്ശരമെയ്തടക്കുന്നു രാമനായ് !

മഴപെയ്ത ലാഞ്ഛനപോലും കിടയ്ക്കാത്ത
സാന്ധ്യ വനങ്ങളില്‍ ആദികാവ്യാലാപ
മൊഴുകുന്നു, നീ കേള്‍പ്പു ദാശരഥി !

ഇരുളുന്ന സന്ധ്യയില്‍ വീണ്ടും വരുന്ന മഴവാക്കിനെ
കോരിക്കുടിക്കുന്നു രോഹിണീ കാന്തനായ് !

നീ കൃഷ്ണ , ഈ പെരുംപെയ്ത്തില്‍ സഖി കൃഷ്ണ
പാടുന്ന വിരഹഗീതങ്ങള്‍ ശ്രവിക്കുന്നു
ചീരയിലയില്‍ രതിശമിപ്പിക്കുന്നു [ഇരുവരും ]

ഇനി കലിരൂപമാര്‍ന്നു നിവരുന്നു നീ
പുലരും വരെ തിമര്‍ത്താര്‍ക്കുന്ന
ഉന്മത്ത ഹാസങ്ങളാര്‍ക്കുന്ന വാക്കിലും .....
വീണ്ടും പുലരിമഴ വീഴും വരെ !

0
കവിതയില്‍
അടയാളമോതിരവുമായി
സമുദ്രങ്ങള്‍
മുറിച്ചു ചാടുന്നു കവി

0
കവിതയുടെ കയ്യും പിടിച്ച്
കഥ പാട്ടുരാശി കഴിഞ്ഞ്
നടക്കാനിറങ്ങി

0
നാമൊരു പുസ്തകം വായിക്കുമ്പോൾ
പുസ്തകം നമ്മെയും വായിക്കുന്നുണ്ട്‌
മടുത്ത്‌ മടങ്ങുന്നുമുണ്ട്‌എഴുത്ത് / വായന
മഴ
0
എഴുത്തില്‍ക്കുത്ത്
0
ഏട്‌ മല
കാട്‌ എഴുത്ത്‌

0
കര്‍ണ്ണന്‍
ഭൂതകാലത്തില്‍ നിന്ന്
അമ്പെയ്യുന്നവന്‍
കാലപൃഷ്ഠന്‍

0നദീപ്രവാഹം
തിരശ്ചീനെന്നതേക്കാൾ
ലംബമാനത്തിലാണു

0
കണ്ടോരുണ്ടോ , കരുത്താര്‍ന്നൊരുകതിര്‍ മണിയെ ,
വനത്തിങ്കലാരനു - മുണ്ടാരാനോ കണ്ടു
വാനസ്ഥലികളില്‍ മനമോരുന്ന ഹംസത്തിനേയും.
കണ്ടോരുണ്ടൊ, പിടിക്കാന്‍ കവിതയുടെ മനോരാജ്യ
തുമ്പിക്കുപിന്പേ മണ്ടും പെണ്‍കുട്ടിയെ , ത്തന്‍
കവിതയില്‍ വിരിയിക്കുന്ന കാവ്യോത്സവത്തെ!

0
ഏതൊച്ചപ്പാടിലും നിന്‍ മധുരിമ നിറയും
ശബ്ദവും മൗനവും ഞാന്‍
കേള്‍ക്കുന്നു വേറെ വേറെ
സ്വരമണികള്‍ കിലുങ്ങിക്കളിക്കുന്നിടത്തില്‍
ഏതോറ്റക്കുടക്കിഴിലു മനിശമിവന്‍ കാണുമാ
നീലവര്‍ണ്ണ ച്ചെത്തിപ്പൂ ചൂടു മേകാകിനി
സുരഭിലയായ് തീര്‍ത്തിടും കാവ്യചിത്രം

0
വെറുതേ മറിച്ചുപോമേടുകൾ
വായിക്കില്ല
എത്രയോ കാവ്യാത്മകമെങ്കിലും
നിൻ ജീവിതം

0
ഒരുപാടുപുസ്തകങ്ങള്‍
ജനല്‍വഴി
പുറത്തുചാടുന്നു
വായനക്കാരനെ പേടിച്ച്

0
നദികളൊക്കെ
ഒഴുക്കുനിർത്തി
തണലുകളിൽ
ഒതുങ്ങുന്നു.

0
വേനലിൽ
കവിതകളുടെ മഴക്കാലം
വായിക്കുന്നു

0
വെയിലിൽ
നിന്റെ
നിഴൽത്തണൽ

0
പ്രണയം
തളിരായ്‌ മരത്തിൽ

0
പഞ്ചഭൂതങ്ങൾ
പഞ്ചലോഹങ്ങള്‍
പഞ്ചേന്ദ്രിയങ്ങള്‍
ഷഡ്രസങ്ങള്‍
എന്നിവയുടെ
ഇൻസ്റ്റലേഷൻ
അടുക്കള

0
പറ്റിച്ചോടിയ
വാക്കുകള്‍
ഇപ്പോള്‍ നിന്റെ മടിയില്‍
ദാ... അണച്ചു കിടക്കുന്നു....

0
വായിക്കാനുള്ളത് വാക്ക് ;
വായിച്ചെടുക്കരുത് .
വായിച്ചു കൊടുക്കാം.

0
ഏതുകവിതയിലും
നാമൊളിച്ചുകളിച്ച്‌
നക്ഷത്രങ്ങളാവുന്നു

0
വാക്ക് മുളപൊട്ടുമ്പോള്‍
അതുമാത്രമേ
ഉള്ളിലുള്ളൂ / അകന്മഷമകന്മഷം

0
രുചിഭേദങ്ങളില്ലാത്ത വാക്ക്
പൂക്കുന്നുമില്ല ,കായ്ക്കുന്നുമില്ല

0
ആവര്‍ത്തിക്കുന്നത് പദം മാത്രം
അല്ല, അര്‍ഥമല്ല....

0
ചെറുതില്‍ നിന്ന് തുടങ്ങാം
വലുതില്‍ നിന്നും തുടങ്ങാം
മാധ്യബിന്ദുവില്‍ മാത്രം സര്‍ഗം

0
പ്രാതലിന്ന് മൂന്നു ചെറിയ കവിത
[ഡയബറ്റിക്ക് ആണ`]
ഉച്ചക്ക് ഒരു കഥ
ഒന്നു മയങ്ങി എഴുന്നേറ്റ്
നോവല്‍
അത്താഴം കഴിഞ്ഞ് ഉറങ്ങും വരെ
രാവിലെ നല്ല സുഖം...


0
വഴിയില്‍ തൂക്കിയ ചെണ്ട
കിട്ടിയ തട്ടൊക്കെ
ഒരിക്കല്‍ കേള്‍പ്പിക്കും , കൊട്ടായി

0
പടര്‍ന്നുകയറുന്ന വള്ളി
ചെറുവേരുകള്‍ കൊണ്ട്
മരത്തെ ഇക്കിളിപ്പെടുത്തുന്നു
ചിരിച്ച് ചിരിച്ച്
ഇലകള്‍ കൊഴിയുന്നു

0
ഈ ചൂടിലും
പുഴക്ക് നീരാവിയായി
ഉയരാന്‍ എന്തു മടി
തണലുകളില്‍ , അരികുചാലില്‍
ഒളിച്ചുകിടക്കുന്നു
സൂര്യനെ പറ്റിച്ച്

0
'മിണ്ടാണ്ടിരിക്ക് ' എന്ന്
പറയാനനുവദിക്കാതാവുന്നിടത്ത്
കുട്ടി എഴുതാന്‍ തുടങ്ങുന്നു

പറയാവുന്നതേക്കാളധികം
പറയാനുണ്ടാവുമ്പോഴും


0
ഏതുവേനലിലും
ഉരുവം കൊള്ളുന്നത്
മഴമേഘങ്ങളാണ്
അതോ
വേനലിന്റെ മണ്ടക്ക് ഇടിവെട്ടിപ്പെയ്യാനും....

0
ഒറ്റക്കൊറ്റക്കാണെന്ന് പറഞ്ഞിട്ടെന്താ?
ഒറ്റക്കെട്ടായാണല്ലോ കാണുന്നത് …
ഒറ്റക്കെട്ടെന്ന് പറഞ്ഞ്
ഒറ്റക്കൊറ്റക്കും
എന്താ വാക്ക് ? ഏന്താ അര്‍ഥം ?

0
സ്മിത, ഹര്‍ഷ, നന്ദ, ഹസിത …
ഒക്കെ ചിരിക്കുന്നു
[ കരയാനാരുമില്ല ]

0
ഉടുത്തൊരുങ്ങി ഇറങ്ങിയ പുലരി
വിയര്‍പ്പിലും ചൂടിലും മുങ്ങി
പ്രാകി തിരിച്ചുപോന്ന് വീട്ടിലെത്തി
ഒക്കെ അഴിച്ചെറിഞ്ഞു.
' നല്ല സുഖം '

0
നനുത്ത കൈവിരലുകള്‍
തിരിനീട്ടി കവിതയാളിക്കത്തിക്കുന്നു
പിന്നെ കവിതയിലെ എണ്ണമയം
തലയില്‍ തുടച്ചു കളയുന്നു

0
മധുരിച്ചിട്ട് ഇറക്കാനും വയ്യ
കയ്ച്ചിട്ട് തുപ്പാനും വയ്യ , [നിന്നെ ]

0
വിരൽത്തണുപ്പിൽ നിന്ന്
ഒരുകവിതയും
വെയിലത്തേക്ക്‌ ഇറങ്ങുന്നില്ല
കവി കൈകുടയുന്നു
എഴുത്തിറങ്ങാൻ

0
ഇനി മഴവെള്ളത്തിൽ എണ്ണപ്പാടകൾ
കൂടിയും അഴിഞ്ഞും വിചിത്ര വാക്കുകൾ
വരികൾ ഉണ്ടാകുന്നതുവരെ
കവികൾ വേഴാമ്പലുകളായി
വെയിലേൽക്കാതെ
പൊത്തുകളിൽ ഇരുന്നോളും

0
ഉണക്കിപ്പൊടിക്കുന്നൂ മീനവെയിൽ
ഇടവത്തിൽ കുഴച്ചു പുതുമണ്ണിൽ
ശിൽപ്പങ്ങളൊരുക്കുവാൻ

0
മുട്ടിമുട്ടിത്തുറന്നുള്ളില്‍ കയറുക
പിന്നെ അമര്‍ത്തിയടച്ചു പൂട്ടീടുക

0
കഴിഞ്ഞ മഴക്കാലത്ത്
നിന്റെ ചുണ്ടിലെ നനവുണ്ട മഴവില്ല്
ഇക്കൊല്ലം വീണ്ടും വരുന്നുണ്ട്
മെല്ലെ, മിന്നലിളക്കി … ചിരിച്ച്

0
തണുത്ത വിരല്‍ത്തുമ്പുവിട്ട്
അക്ഷരങ്ങള്‍ വെയിലത്തിറങ്ങുന്നില്ല
പൊള്ളുന്ന വരികളില്‍
തുള്ളിക്കളിക്കാന്‍ ആരുമില്ല...

0
0
എത്ര ലളിതമീ പ്രണയം
തമ്മിൽ തമ്മിൽ
വേനലിൽ ചൂടും കുട
വരിഷത്തിലതേ കുട

0
പകലുകളിൽ പ്രപഞ്ചം
എവിടെപ്പോകുന്നു
പ്രപഞ്ചസാന്നിധ്യം
രാത്രിയുടെ നിറവുകളിൽ മാത്രം

0
ഒരു പ്രശ്നവും ഒന്നും പരിഹരിക്കാനല്ല ;
ഒരു പരിഹാരവും ഒരു പ്രശ്നത്തിനുമല്ല.

0
എത്ര ലളിതമീ പ്രണയം
തമ്മില്‍ തമ്മില്‍
കണ്ണിലെ കരടൂതും
കരടായ് കണ്ണില്‍ പാറും

0
എത്ര ലളിതമീ പ്രണയം
തമ്മില്‍ തമ്മില്‍
നിന്നെക്കാണ്മോളവും
കാണാതിരിപ്പോളവും

0
തിരക്കിട്ട് പണിയൊരുക്കി
നീ FB യില്‍ ചെല്ലുന്നു …
അവിടെ Like ഉം Share ഉം
Post ഉം .... അടുക്കളയേക്കാള്‍
തെരക്ക്...

0
സ്നിഗ്ദ്ധമാം വിരല്‍ത്തുമ്പില്‍
മുകരും മുഗ്ദ്ധാക്ഷരം
പദമായ് വിയര്‍ക്കുന്നു
തിരക്കുമര്‍ഥങ്ങളില്‍....

0
എത്രയോ ലളിതമീ പ്രണയം
വിരൽത്തുമ്പിൽ മൃദുവായ്‌
പിടിച്ചുകൊണ്ടൊപ്പം നീ
നടക്കുമ്പോൾ
വേർപ്പെടുത്തുവാൻ
തോന്നാതങ്ങനെ -
വേർപ്പെട്ടാലും
സ്പർശമുദ്രകള്‍
ഉള്ളിൽ മൃദുലം ഞെരിയുമ്പോൾ


0
സാഗരങ്ങളെ കത്തിച്ച്
പുകമേഘങ്ങളുണ്ടാക്കി
വീണ്ടും മഴ ഒഴിച്ച് നിറച്ച്
നാറാണത്ത് സൂര്യന്‍....

0
ചാനലുകളില്‍
പൊട്ടിച്ചൂട്ടുകള്‍
[യക്ഷികള്‍ ഒരു വിധം
ഉറക്കം പിടിച്ചാല്‍ ]

0
നിരാമയയായ വേനല്‍
അനുദിന വികസ്വര …

0
ഭീമസേന ഗദാക്രാന്ത
ദുര്യോധന വരൂഥിനി
ശിഖാ ഖാര്‍വ്വാടകസ്യേവ
കര്‍ണ്ണമൂല മുപാഗത:
[ ഭീമസേനന്റെ ഗദാഘാതത്തില്‍ അവശരായ ദുര്യോധസൈന്യം
കഷണ്ടിക്കാരന്റെ മുടി ചെവിക്കുറ്റിയിലേക്ക് ചുരുങ്ങുന്ന പോലെ
കര്‍ണ്ണന്റെ അടുത്തു ചെന്നു അഭയം കൊണ്ടു.]
പഴയ ഒരു ശ്ളോകം ഓര്‍മ്മയില്‍ നിന്ന് ]

0
പാല്‍പ്പത പൊട്ടി
പാലിലമരുന്നതുപോലെ
നിന്റെ വാക്കുകള്‍
നിന്നില്‍ .....

0
ഒരു ചീള്‌‌ വെയിലുകൊണ്ടാല്‍
ഒരു കുടം മഴ പോരാ തണുക്കാന്‍
ഒരു തുള്ളി മഴക്ക് ഒരു നുള്ള് വെയില്‍ മതി


0
പൂക്കള്‍ക്ക് ഉമ്മവെക്കാനറിയാം;
നമുക്കറിയില്ല , ഒട്ടും
ഒന്നുകില്‍ കണ്ണടയ്ക്കും
അല്ലെങ്കില്‍ കണ്ണടക്കില്ല
പൂക്കള്‍ കണ്ണൂടക്കി ഉമ്മവെക്കും
ഒന്നുകില്‍ ചൂടേറും
അല്ലെങ്കില്‍ തണുത്ത്
പൂക്കള്‍ പൂച്ചൂടില്‍ .....
ഒന്നുകില്‍ മറക്കും
അല്ലെങ്കില്‍ മറക്കില്ല
പൂക്കള്‍ പൂമറച്ച്
ഒന്നുകില്‍ മിണ്ടില്ല
അല്ലെങ്കില്‍ മിണ്ടും
മിണ്ടാമിണ്ടി പ്പൂക്കള്‍ ....
ഒന്നുകില്‍ പാടാവും
അല്ലെങ്കില്‍ പാടാക്കും
പൂക്കള്‍ ഒരുപാടായി .....
ഒന്നിച്ച് ഉമ്മവെക്കും.

0
പക്ഷികള്‍, മൃഗങ്ങള്‍ , വൃക്ഷങ്ങള്‍
സമുദ്രം, നദി, മല, മരുഭൂമി
എഴുതുന്നതൊക്കെ
മായ്ച്ച് എഴുതുന്നു മനുഷ്യന്‍
അതും ഒക്കെ തെറ്റിച്ച് ....

0
എഴുത്തിനുള്ളിലാണ്` ജീവിതം
പുറത്തുകാണുന്നത്
എഴുതാനുള്ള ഒതുക്കം മാത്രം

0
ഉറക്കത്തിലാണ്` സ്വപ്നവും
സാഫല്യവും ദര്‍ശനവും ജീവിതവും
ഉണര്‍വ് അതിനുള്ള ഒരുക്കം മാത്രം

0
പൂമ്പാറ്റകൾ
ചുംബിക്കുന്നതും
പ്രണയിക്കുന്നതും
പൂക്കളിലാവുമ്പോൾ
മാത്രമാണ്....

0
ഓരോ പൂവും കല്ലും പ്രാവും
ഓരോന്നായിരിക്കുന്നപോലെ
എല്ലാ തരത്തിലും
ഓരോന്നായിരിക്കുന്നപോലെ ..

0
നക്ഷത്രങ്ങള്‍ എവിടെയുമുണ്ട്
എപ്പോഴുമുണ്ട്
പക്ഷെ, രാത്രി, ഭൂമിക്കുമുകളില്‍
മാത്രമേ അവയെ കാണാറുള്ളൂ
അതും On Line ല്‍ വരുമ്പോള്‍

0
പാപപ്പെട്ടോ എന്നല്ല ;
സ്നേഹപ്പെട്ടോ എന്നേ
നോക്കാനുള്ളൂ …
[സ്നേഹരഹിതമാം കര്‍മ്മം
പാപമെന്നല്ലോ ചൊല്‍വൂ ]


0
പൊഴിഞ്ഞ ഇലകളെക്കുറിച്ചല്ല ;
തളിരുകളെക്കുറിച്ചാണ്` ആധി

0
വെയിൽപ്പെരുമഴ
നദികൾ കൂലംകുത്തി
ഒലിച്ചുകയറുന്നു
മേഘങ്ങളിലേക്ക്‌.....

0
കുനുകുനെ എഴുത്ത്‌
മിനുങ്ങുന്ന കവിളത്ത്‌

0
വേനലവധിയിൽ
കുട്ടികൾ ഒഴിഞ്ഞ സ്കൂളുകൾ
കാഞ്ഞവെയിലിൽ കോട്ടെരുമകളെ
അച്ചടക്കം പഠിപ്പിക്കുന്നു..

0
ഇരുളില്‍ തിളങ്ങുന്ന നീ...
പച്ചപ്പാവമാം കനല്‍ക്കട്ട

0
ഇസ്തിരിയിട്ട കുഞ്ഞുവിരലാല്‍
തൊടുന്നു നീ

0
അക്ഷരങ്ങളുറയ്ക്കുന്നതിനു മുൻപ്‌
പൂക്കാൻ തുടങ്ങി
വാടിപ്പോയ എഴുത്തുവള്ളി

0
സ്തുതിഗീതങ്ങൾ
പൊരിയുന്ന
തെരഞ്ഞെടുപ്പുവെയിൽ

0
വേനൽ
കൂപമണ്ഡൂകങ്ങളെ
കരയ്ക്ക്‌ കയറ്റി
ഭൂമിശാസ്ത്രം പഠിപ്പിക്കുന്നു

0
തെരെഞ്ഞ്‌ ..എടുക്കുന്നില്ല (ഒന്നും)
കൊടുക്കുകയാണു (എല്ലാം)
അതു കൊണ്ടും പോകും
അപ്ലേ

0
സിഗ്നൽ കിട്ടാതെ
പുറമ്പോക്കിലൊരു തീവണ്ടി
പാവം തോന്നും , പ്പോ

0
അനാസക്തി പകൽച്ചൂടിൽ
സർവ്വാസക്തി നിലാവിലും

0
എഴുന്നെള്ളിപ്പിലെ
ഒതുക്കമല്ല
കെട്ടുപൊട്ടിച്ച മദമാണു
ആന . ഗജം .

0
ഇല്ല പൂക്കാലം വെയിൽപ്പൊന്തയിൽ
തീയേറുമ്പോൾ
ഇല്ല തീക്കാലം പൂങ്കുലയിൽ വെയിലാറുമ്പോൾ

0
'അതുപോലൊരു വരി'
മോഹം
എഴുത്തഛ്ചനും
എഴുതുമ്പോൾ


0

മഴ
മെല്ലെ
ഒരു കുടയുമെടുത്ത്
ഇറങ്ങി

0
പിറന്നാളിന്ന്
മറവികളുടെ
ഇടിച്ചുപിഴിഞ്ഞ
പായസം

0
ആകാശമുരുക്കി
സൂര്യശിൽപ്പം
ചെയ്യുന്നു
വേനൽ

0
മോഹങ്ങളുടെ
കണ്ണിമാങ്ങകൊണ്ട്
ഉപ്പിലിട്ടത്

0
വായിക്കാതെ
മറിച്ചുപോകുന്ന
ഏടുകൾ
വാശിപിടിച്ചു കരയുന്നു

0
പ്രണയത്തിന്റെ
കടലെടുക്കലിൽ
ഉയരുന്ന കര

0
ശരീരം ഒരു ബീച്ച്‌
എത്ര തിരകൾ
തൊട്ടുരുമ്മി......

0
വേനലിൽ പൂ() മഴ

0ചിത്രം
വാക്കിനിട്ട
കുണുക്ക്‌

0
ഉച്ചരിക്കപ്പെട്ട വാക്ക്
പിന്നെ ഒരു വായിലും
കൊള്ളില്ല
ചെവിയിലും
ഉച്ചരിക്കപ്പെട്ട വാക്ക്
അര്‍ഥത്തിന്റെ
ആയിരം കാലുകളില്‍
ഒരാകാശത്തെ
ഉയര്‍ത്തി നിര്‍ത്തുന്നു
0
ഞെക്കിപ്പൊട്ടിക്കാതെ
കവിത വരണം
കവിത വാര്‍ന്നുപോയാല്‍
കുരു ഉണങ്ങും

0
നീയല്ലോ കവിതയും കവിയും
വായിക്കുന്ന ഗ്രന്‍ഥവും
മറിച്ചുടന്‍ മറഞ്ഞുപോകും
ആകാശങ്ങളും കര്‍മ്മങ്ങളും

0
നിന്‍ മടിയിലിരുന്നു ഞാന്‍
അമ്മിഞ്ഞ കുടിക്കുന്നു
വരികള്‍ വാക്കും പാലായ്
ചുണ്ടിലൂടൊലിക്കുന്നു

0
ചീത്തവാക്കുകള്‍ വ്യക്തിയെയല്ല
ഭാഷയേയും സമൂഹത്തെയും കാലത്തേയുമാണ്`
മലിനമാക്കുക.


മാത്രകളാവിഷ്കരിച്ചീടുന്ന തിണര്‍പ്പുകള്‍

0
എന്നെക്കണ്ടയുടനെ
നിനക്കുണ്ടായ ഹര്‍ഷം
[തിരിച്ചും ]
Like ചെയ്യാന്‍ ചൂണ്ടുവിരല്‍ നിവര്‍ത്തുമ്പോള്‍
താഴെ 6 Hours ago എന്നും
ഏഴാള്‍ Liked എന്നും
എന്ന മങ്ങിയ ചിരി !

0
നിന്റെ കൂടെ നടന്നപ്പോൾ
ഉറപൊട്ടിയ വാക്കുകൾ
ഒഴുകിപ്പോയ്‌ സമുദ്രാന്തം
നദിയായ്‌ തിരതല്ലിയോ

0
[മനക്കണ്ണാലല്ലോ
കാണുന്നു കാഴ്ചകൾ]
കണ്ണിന്റെ നീരൊഴുക്ക്‌
അകത്തേക്ക്‌ മാത്രം

0
ഉണക്കിപ്പൊടിച്ച നിളാഭസ്മം
വിൽപ്പനക്ക്‌ വെച്ച
പട്ടാമ്പികൾ

0
തീക്കാറ്റുകൾ
കുളിർക്കാറ്റുപോലെ
അലസരല്ല

0
പകലിന്റെ അടുപ്പുകള്‍ കെട്ട്
സന്ധ്യയുടെ വീതനയില്‍
നാളെക്കുള്ള കൊള്ളികള്‍
നീര്‍വാരാന്‍ പരത്തുന്ന രാത്രിമുത്തി

0
സമാനഹൃദയരോട്‌
പ്രസംഗിച്ച്‌ നേരം പോയി
അല്ലാത്തവരോട്‌
നാലുവാക്കുപറയാൻ
പൊഴുതും കിട്ടിയില്ല

0
അഴിച്ചെടുക്കുമീ കാറ്റിന്‍
കെട്ടില്‍ ചൂളുന്നു മേഘവും
തിരിച്ചൊതുക്കാനാവാത്ത
കാറ്റോ മിന്നലുമായിതോ
0
ആദ്യമാദ്യം അക്ഷരങ്ങള്‍
തലേക്കെട്ടുമായി
ഉഷാറായി തലനിവര്‍ത്തി നടന്നുപോയി
കലികാലത്ത്
അര്‍ഥഭാരത്തിന്റെ തലച്ചുമടുമായി
കഴുത്ത് ഞെരിഞ്ഞ് കുനിഞ്ഞ്...

0
നാഴിയില്‍ നാഴികയറില്ലെന്ന് ;
ഒരു വാക്കില്‍നിന്ന് ഒരുനൂറുവാക്കുകള്‍
ഇറങ്ങിവരുന്നത് കണ്ടിട്ടും …

0
നുകരുന്നു വെയിൽ നാളം
തലനീട്ടിയ പച്ചില

0
അഴിച്ചിട്ട മുടിത്തുമ്പിൽ
പൂചൂടുന്നു ഇളംവെയിൽ

0
പുതുമഴ കാണ്‍കെ വരളച്ച മറപ്പീലാ ;
മരമൊന്നും പുഴയൊന്നും
ഉള്ളില്‍
എഴുതിച്ചേര്‍ത്തൊരു ഋതുരേഖകള്‍
ഞെരിയുമ്പോള്‍ ....

0
ഇന്നലത്തെ നേരത്ത്
ഇന്നും മഴയുണ്ടാവുമെന്ന് കരുതി
കുട കരുതിയിറങ്ങിയ മിന്നാമിനുങ്ങ്

0
നിന്റെ വാക്കും വരിയും അറിയാം
നോക്കും നീക്കവും അറിയാനേ ആവില്ല …


0
നീ കാല്‍വിരലാല്‍ തീര്‍ത്ത
പ്രണയ വൃത്തങ്ങള്‍
ഈ ഭൂമിയെ ഇങ്ങനെ
ഉരുട്ടിയെടുത്തല്ലോ

0
തുന്നിത്തീര്‍ന്നാലും
സൂചിയില്‍ നിന്ന്
നൂലിനെ ഊരിമാറ്റുന്നില്ല ....

0
പുതുമഴയിൽ
മുളപൊട്ടരുതെന്ന്
വിത്തിനെ അമ്മ വിലക്കുന്നു.

0
തെരഞ്ഞെടുക്കുന്നത്
അമ്മയെയെന്ന്
ഒക്കത്തിരിക്കുന്ന കുട്ടി :
വരിക്ക് നിര്‍ത്തി
മഷികുത്തി .....

0
നീ കുളിച്ചു കയറുമ്പോഴേക്കും
തലതോര്‍ത്താന്‍
കാത്തു നില്‍ക്കുന്ന പൊന്‍വെയില്‍

0
ചിരിച്ചു മറിയുന്ന
ആതിരപ്പള്ളി
മേഘങ്ങളെ പുണരുന്നു

0
വളപ്പൊട്ട് കളിക്കാം ;
നിന്റെ വളകള്‍ പൊട്ടിച്ച് …

0
വേദനിപ്പിക്കാന്‍ എളുപ്പമാണ്`:
കത്തിക്കുക
പ്രണയത്തിന്റെ കമ്പക്കെട്ടുകള്‍

0
ആത്മഛയാപ്രദര്‍ശനസുഖസ്ഥായിശീലാസുശീലാ

0
എഴുത്തഛ്ചനെപ്പോലും
വിസ്മയിപ്പിക്കുന്ന വരികള്‍
എഴുതുന്നവന്‍ /ള്‍ : എഴുത്തഛ്ചന്‍ .

0
ശീഘ്രസ്യ ശുഭം

0
മന്ത്രവാദം ഞാന്‍ വിശ്വസിക്കുന്നു :
അവന്‍ / അവള്‍
I Love You എന്നു മന്ത്രിച്ച്
Thumb മുദ്ര കാണിച്ചപ്പോള്‍
നീ പ്രണയിക്കാന്‍ തുടങ്ങിയല്ലോ …

0
പുരങ്ങളിൽ
പൂക്കൾ വിപണിയിൽ
പൊതിയുവാൻ ഇല
0
പൂക്കളുടെയും
നിഴൽ കറുകറുത്ത്‌

0
ഇന്നലെ നിന്നെ നനച്ചിടിയാൽ
പേടിപ്പിച്ച
വർഷകാമുകനിന്നു
മഴവില്ലുമായ്‌ വന്നൂ...

0
വാക്ക്‌ കിടക്കും
അർത്ഥം ഓടും
****
വാക്ക്‌ കിടക്കും
വരി ഓടും
0
പ്രാക്ക്
തിള‌‌ക്യൂന്ന വാക്ക്
0
കൊയ്ത്തുകഴിഞ്ഞ
വയല്‍വരമ്പില്‍
ഒറ്റക്കിരിക്കുന്ന
വയല്‍പ്പക്ഷി
ഒന്നും ചെയ്യാനില്ലാതെ
സ്വന്തം തൂവലുകള്‍
കുടഞ്ഞിളക്കി
ചീകിയൊതുക്കുന്നു
ഋതുസംക്രമത്തിലെ
വിത്തും വിളയും കാത്ത് ....


No comments: